റിയാദ്: കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച 12 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് പ്രവേശനം നൽകി ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിക്കാമെന്ന സഊദി ആരോഗ്യ മന്ത്രാലത്തിന്‍റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെയും നിർദേശത്തെ തുടർന്ന് രാജ്യത്തെ ഇന്ത്യൻ എംബസി സ്‌കൂളുകൾ പുനഃരാരംഭിക്കാൻ നടപടികൾ ആരംഭിച്ചു. അടുത്ത മാസം സാധാരണ ക്ലാസുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുമായി ജിദ്ദ ഇന്‍റർനാഷനൽ ഇന്ത്യൻ രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച നിർദേശം എംബസി സ്‌കൂൾ അധികൃതർ രക്ഷിതാക്കൾക്ക് നൽകിക്കഴിഞ്ഞു.
ഇത് വരെ വാക്‌സിൻ എടുക്കാത്ത 12 വയസ് തികഞ്ഞ ആറ് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ഉടൻ രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പ് എടുക്കാനാവശ്യപ്പെട്ട് രക്ഷിതാക്കൾക്ക് സ്‌കൂൾ അധികൃതർ സർക്കുലർ നൽകിക്കഴിഞ്ഞു. രണ്ട് ഡോസുകൾക്കിടയിലെ കാല ദൈർഘ്യം മൂന്നാഴ്ച്ചയായാണ് സഊദി ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നതെന്നതിനാൽ ഉടൻ ഒന്നാം ഡോസ് എടുക്കുന്നവർക്ക് സെപ്റ്റംബർ ആരംഭിക്കുന്നതിന് മുമ്പ് തന്നെ രണ്ടാം ഡോസും പൂർത്തിയാക്കാൻ സാധിക്കും. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണം എന്നാണ് സർക്കുലർ മുഖേന സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.