റിയാദ്: നിയമ ലംഘകർക്കായി സഊദിയിൽ പരിശോധന ശക്തമാക്കി. ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ചവരെ കണ്ടെത്തുന്നതിനുള്ള പരിശോധനക്കിടെ ഒരാഴ്ച്ചക്കുള്ളിൽ 12,000ത്തോളം പേരെയാണ് പിടികൂടിയത്. ജൂലൈ 22 മുതൽ 28വരെ രാജ്യത്തിെൻറ വിവിധ മേഖലകളിൽ നടന്ന ശക്തമായ പരിശോധനയിലായ ഇവരിൽ 4180 പേർ ഇഖാമയുടെ കാലാവധി കഴിഞ്ഞശേഷവും അനധികൃതമായി തങ്ങിയവരും 2642 പേർ കുറ്റവാളികളും 991 പേർ തൊഴിൽചട്ടങ്ങൾ ലംഘിച്ചവരുമാണ്.
അതിർത്തി സുരക്ഷാസംവിധാനങ്ങൾ ലംഘിച്ച് രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനാണ് 7471 പേർ അറസ്റ്റിലായത്. നിയമലംഘനം നടത്തി രാജ്യത്തിെൻറ അതിർത്തി കടക്കാൻശ്രമിച്ച 266 പേരെ ഉടൻ അറസ്റ്റ് ചെയ്ത് അനന്തര നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ഇവരിൽ 52 ശതമാനം യമൻ പൗരന്മാരും 44 ശതമാനം ഇത്യോപ്യക്കാരും നാല് ശതമാനം മറ്റു രാജ്യക്കാരുമാണെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനം നടത്തി അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച എട്ട് പേരെയും നിയമലംഘകർക്ക് അഭയം നൽകി വാഹനത്തിൽ കൊണ്ടുപോകുന്ന 12 പേരെയും അതിർത്തിസേന പിടികൂടിയിട്ടുണ്ട്.
ഈവർഷം ഇതുവരെ പിടിയിലായി നിയമനടപടിക്ക് വിധേയരായ മൊത്തം നിയമലംഘകരുടെ എണ്ണം 64,539 ആണ്. നിയമലംഘകരില്ലാത്ത രാജ്യം എന്ന കാംപയിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ വരും ദിവസങ്ങളിലും തുടരും.




