കൊച്ചി: വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും നേരിട്ടുള്ള വിമാന യാത്രക്ക് വിലക്കുള്ളതിനാൽ ആയിരക്കണക്കിന് പ്രവാസികളാണ് മറ്റു രാജ്യങ്ങൾ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് പ്രവേശനം നേടുന്നത്. നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നത് മാലിദ്വീപ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളാണ്. എന്നാൽ, മാലിദ്വീപ് വഴി പോകുന്ന നിരവധി പേരാണ് ട്രാവൽസ് ഏജൻസികളുടെ ചതിക്കുഴികളിൽ പെടുന്നത്.
ട്രാവൽസുകളെ കുറിച്ച് അന്വേഷിക്കാതെയും എങ്ങനെയെങ്കിലും ജോലിസ്ഥലത്തേക്ക് എത്തണമെന്നുമുള്ള ധൃതി പിടിച്ച തീരുമാനവുമാണ് ഇത്തരം ചതിക്കുഴികളിൽ വീഴാൻ കാരണം. മാലിദ്വീപിലെ ട്രാവൽസ് ചതിക്കുഴികളെ കുറിച്ച് കഴിഞ്ഞ ദിവസം “മലയാളംപ്രസ്സ്” വാർത്ത പുറത്ത് വിട്ടതിനു പിന്നാലെ നിരവധി പേരാണ് സമാനമായ അനുഭവവുമായി രംഗത്തെത്തിയത്.
പാക്കേജ് എടുക്കുന്ന സമയത്ത് ഉയർന്ന വാഗ്‌ദാനങ്ങൾ നൽകി പണം ഈടാക്കിയ ശേഷം മറ്റു രാജ്യങ്ങളിലേക്ക് ടിക്കറ്റ് എടുത്ത് നൽകി കയറ്റി വിടുന്നതോടെ കൈ കഴുകുന്ന അവസ്ഥയാണ് ചില ട്രാവൽസുകൾ സ്വീകരിക്കുന്നത്. അവിടെ ചെന്നിറങ്ങുന്ന പ്രവാസികൾക്ക് പിന്നീട് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാന മറ്റോ ആരും ഉണ്ടാകുകയില്ല. നാട്ടിലെ ട്രാവൽസുകളെ ബന്ധപ്പെടുമ്പോൾ ഏജൻസികൾ എത്തുമെന്നും അവരുടെ പ്രശ്നമാണെന്നും പറഞ്ഞു കയ്യൊഴിയുകയാണ് ചെയ്യുന്നത്. ഇതോടെ സഹിച്ച് മുന്നോട്ട് പോകേണ്ട അവസ്ഥയിലാകും യാത്രക്കാർ.
യാത്രക്കാർ അൽപം സഹനത്തോടെ ഒരന്വേഷണം നടത്തി പാക്കേജുകൾ തിരഞ്ഞെടുത്താൽ ഇത്തരം ചതിക്കുഴികളിൽ നിന്ന് ഒരു പരിധി വരെ ഒഴിവാകാനാകും. ഏതെങ്കിലും ട്രാവൽസുകൾ വഴി പാക്കേജുകൾ തിരഞ്ഞെടുക്കുന്നതിന് പകരം അറിയപ്പെടുന്ന പരിചയ സമ്പത്തുള്ള ട്രാവൽസ് ഏജൻസികളെ ബന്ധപ്പെടുക, നേരത്തെ ഈ ട്രാവൽസുകൾ വഴി ഇത്തരം പാക്കേജുകളിൽ പോയിട്ടുള്ളവരെ കണ്ടെത്തി അന്വേഷിക്കുക, (വിവിധ ഗൾഫ് മലയാളികൾക്കിടയിൽ ഇപ്പോൾ വാട്സ്ആപ്പിലും ഫേസ്ബുക്കിലുമായി പ്രവർത്തിക്കുന്ന ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്തിയുള്ള അന്വേഷണവുമാകാം), ദൂര സ്ഥലങ്ങളിലെ ട്രാവൽസുകളെ തിരഞ്ഞെടുക്കുന്നതിന് പകരം അടുത്തുള്ള ട്രാവൽസുകളെ തിരഞ്ഞെടുക്കുക, പൂർണ്ണമായും അന്വേഷിച്ച് തൃപ്തികരമെന്നു ഉറപ്പായതിനു ശേഷം പണം നൽകുക, സ്വന്തമായി യാത്ര പോകാൻ സാധിക്കുന്നവർ ഓൺലൈൻ ഹോട്ടൽ, വിമാന ടിക്കറ്റ് ബുക്കിങ് നടത്തി യാത്ര ക്രമീകരിക്കുക, (ഒരേ ലക്ഷ്യസ്ഥാനത്തേക്കുള്ള കൂടുതൽ ആളുകളെ കണ്ടെത്തി ഇത്തരത്തിൽ ക്രമീകരിച്ചാൽ വൻ തുകയും ലാഭിക്കാനാകും).
ഇത്തരം കാര്യങ്ങളിൽ അൽപം ശ്രദ്ധ നൽകിയാൽ ചതിക്കുഴികളിൽ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാൻ സാധിക്കുമെന്ന് അനുഭവസ്ഥർ വിവരിക്കുന്നു.
“വിവിധ ട്രാവൽസ് ഏജൻസികളുടെ ചതിക്കുഴികളിൽ പെട്ട വെളിപ്പെടുത്തലുകളുമായി കൂടുതൽ സഊദി യാത്രക്കാർ”




