മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി ഉറക്കത്തിൽ മരണപ്പെട്ടു

0
4136

ജിസാൻ: സഊദിയിലെ ജിസാനിൽ ഉറക്കത്തിനിടെ മലപ്പുറം സ്വദേശി മരണപ്പെട്ടു.
മൂന്നിയൂർ ആലിൻ ചുവട് സ്വദേശി തച്ചറക്കൽ ജഅഫർ (54) ആണ് അബൂ അരീശിലെ താമസ സ്ഥലത്ത് മരണപ്പെട്ടത്. ജോലി ചെയ്യുന്ന ബ്രോസ്റ്റ് കടയിൽ ജോലിക്ക് എത്താത്തതിനെ തുടർന്ന് സഹ ജോലിക്കാരൻ റൂമിൽ വന്ന് നോക്കിയപ്പോഴാണ് ബെഡ്ഡിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടനെ റെഡ്ക്രസൻ്റിനെ വിവരമറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം നേരെത്തെ നടന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മൃതദേഹം അബൂ അരീഷ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

സഊദിയിലും യു എ ഇ യിലും മസ്ക്കത്തിലുമായി കാൽ നൂറ്റാണ്ടിൽ അധികം കാലം പ്രവാസിയായിരുന്ന ഇദ്ദേഹം ആറു മാസം മുമ്പാണ് അബൂ അരീഷിൽ എത്തിയത്. നേരത്തെ ബെയ്ഷിലും ഷഖീഖ് ലും മറ്റും ജോലി ചെയ്തിരുന്നു. നാട്ടിൽ പോയി വന്നിട്ട് നാല് വർഷം പിന്നിട്ടു. പുത്രിയുടെ വിവാഹവുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച നാട്ടിൽ പോകാനിരിക്കെയാണ് ജഅഫറിൻ്റെ വിയോഗം.

പരേതരായ തച്ചറക്കൽ കമ്മദ്- ഉണ്ണിയാലുങ്ങൽ പാത്തുമ്മ ദമ്പതികളുടെ പുത്രനാണ്.
ഭാര്യ: ഉമ്മുഹബീബ. മക്കൾ: റംല, റഹ്മത്ത്, റഫാ ജാസ്മിൻ, മുഹമ്മദ് റബീഹ്. മരുമക്കൾ: ജലീൽ പന്താരങ്ങാടി, ഇഖ്ബാൽ പാലായി. പരേതരായ ഹൈദർ, കദീജ, ആയിശ എന്നവർ സഹോദരരാണ്.

മൃതദേഹം ഇവിടെ തന്നെ ഖബറടക്കാനുള്ള നടപടികൾ നടന്നു വരികയാണ്. ജിസാൻ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഖാലിദ് പട്ല, അബ്ദുല്ലത്തീഫ് കൊളപ്പുറം, മുഹമ്മദ് റാഫി ഉള്ളണം, മൻസൂർ കുണ്ടോട്ടി എന്നിവർ രംഗത്തുണ്ട്. പിതൃസഹോദര പുത്രൻ മജീദ് തച്ചറക്കൽ ജിദ്ദയിലും ബന്ധു റഷീദ് കിഴിശ്ശേരി അബൂ അരീഷിലും ഉണ്ട്.