റിയാദ്: നാട്ടിൽ നിന്ന് വാക്‌സിൻ എടുത്ത് അപ്‌ഡേറ്റ് ചെയ്യാൻ കഴിയാതിരിക്കുകയും പല തവണ ശ്രമിച്ചവർക്ക് ബ്ലോക്ക് ആകുകയും ചെയ്‌ത പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് സൂചന. ഈയാഴ്ച്ചയോടെ തന്നെ ഇത്തരം പ്രശ്‌നങ്ങളിൽ പരിഹാരം കാണുമെന്നാണ് കരുതുന്നത്. ഞായറാഴ്ച്ചയോടെ പ്രശ്‌നം പൂർണ്ണമായും പരിഹരിച്ച് നടപടികൾ കൈകൊള്ളുമെന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അനൗദ്യോഗിക റിപ്പോർട്ടുകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ അപ്ലോഡിങ് ലിങ്ക് പലപ്പോഴും ഡൗൺ ആകുന്നതെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി പലർക്കും ഡാറ്റകൾ അപ്‌ലോഡ് ചെയ്യാനോ പൂർത്തീകരിക്കാനോ സാധിച്ചിരുന്നില്ല. പലർക്കും സൈറ്റ് തുറക്കാൻ തന്നെ കഴിഞ്ഞിരുന്നില്ല. സെർവറിൽ അപ്‌ഡേറ്റ് നടക്കുന്നതിലാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ അപ്‌ഡേറ്റുകൾ പൂർത്തീകരിച്ച ശേഷം നിലവിലെ പ്രശ്‌നം പൂർണ്ണമായും പരിഹരിക്കുമെന്നാണ് കരുതുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സഊദി പ്രവാസികൾ അപ്‌ലോഡിങ്, ബ്ലോക്കിങ് പ്രശ്‌നങ്ങളിൽ പെട്ടത് ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ നേരത്തെ തന്നെ പെട്ടിട്ടുണ്ട്.
അതിനിടെ, ബ്ലോക്ക് ആയ പലർക്കും കഴിഞ്ഞ ദിവസങ്ങളിൽ ഇമെയിൽ സന്ദേശം ലഭിച്ചതായും പലരും പങ്കു വെച്ചിട്ടുണ്ട്. സഊദിയിൽ ബന്ധപ്പെടാനുള്ള നമ്പറുകളും മറ്റും ആവശ്യപ്പെട്ടാണ് പലർക്കും സന്ദേശം ലഭിച്ചത്. ഇതിന്റെയടിസ്ഥാനത്തിൽ സഊദിയിലെ സുഹൃത്തുക്കൾ കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടപ്പോൾ നാട്ടിലുള്ള ബ്ലോക്ക് ആയ വ്യക്തിയുടെ സുഹൃത്തിന്റെ നമ്പർ അഥവാ സഊദിയിൽ ബന്ധപ്പെടുവാനുള്ള നമ്പർ നൽകാനായിരുന്നു നിർദേശം.




