പ്രവാസികൾക്ക്​ നിർദേശവുമായി കോൺസുലേറ്റ്​, ചെയ്യേണ്ടതും പാടില്ലാത്തതുമായ കാര്യങ്ങൾ ​

0
4333

അബുദാബി: ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ പട്ടിക ദുബൈ ഇന്ത്യൻ കോൺസുലേറ്റ്​ പുറത്തിറക്കി. ഓരോ പ്രവാസിയും ചെയ്യാൻ പാടുള്ളതും ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളാണ്​ ഇതിൽ പ്രത്യേകം പറഞ്ഞിരിക്കുന്നത്​. സാധാരണ തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ സഹായിക്കുന്ന ഇന്ത്യൻ സർക്കാറി​ന്റെ ക്ഷേമസംരംഭമായ പ്രവാസി ഭാരതീയ സഹായതാകേന്ദ്ര (പി.ബി.എസ്​.കെ) മാണ്​ 17 നിർദേശങ്ങൾ പുറത്തിറക്കിയത്​. യു.എ.ഇയിൽ അടക്കം വിദേശങ്ങളിൽ കഴിയുന്നത്​ മികച്ച അനുഭവമാക്കാനും സഹായിക്കുന്നതാണ്​ നിർദേശങ്ങൾ. മുഴുവൻ പ്രവാസികളും പാലിക്കേണ്ട കാര്യങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത്.

പ്രവാസികൾ ചെയ്യേണ്ടതായ കാര്യങ്ങൾ 

യു.എ.ഇയിലെ നിയമം അറിയുക, പ്രത്യേകിച്ചും തൊഴിൽ നിയമങ്ങൾ. ,(ഏത് രാജ്യത്തെ പ്രവാസികൾ ആണെങ്കിലും ആ രാജ്യത്തെ നിയമങ്ങൾ അറിഞ്ഞിരിക്കേണ്ടത്ത്യേ അത്യാവശ്യമാണ്). ഇതിലൂടെ അവകാശങ്ങളും പരിധികളും മനസ്സിലാക്കാം.

പൊലീസ്​, ഫയർഫോഴ്​സ്​, ആംബുലൻസ്​, ആശുപത്രി, എംബസി, കോൺസുലേറ്റ്​, ഇന്ത്യൻ അസോസിയേഷനുകൾ എന്നിവയുടെ ഫോൺ നമ്പർ അറിഞ്ഞിരിക്കുക.

ശാരീരിക പീഡനം, ഗാർഹിക പീഡനം എന്നിവ പോലീസിൽ ഉടൻ റിപ്പോർട്ട് ചെയ്യുക

ജോലിയുമായി ബന്ധപ്പെട്ട പരാതികൾ മാനവ വിഭവശേഷി മന്ത്രാലയത്തിൽ തൊഴിൽ പെർമിറ്റ്​ റദ്ദാകും​ മുമ്പ്​ അറിയിക്കുക.

മെഡിക്കൽ റെക്കോഡുകൾ, പാസ്‌പോർട്ട്-വിസ പകർപ്പ്, തൊഴിൽ കരാർ, ഫിനാൻഷ്യൽ റെക്കോഡ്, കമ്പനി വിവരങ്ങൾ, താമസ വിലാസം എന്നിവ സൂക്ഷിക്കുകയും വിശ്വസനീയരായ കുടുംബാംഗങ്ങളുമായി പങ്കുവെക്കുകയും ചെയ്യുക.

പണം സ്വീകരിക്കാനും അയക്കാനും നിയമപരമായ സംവിധാനങ്ങൾ മാത്രം ഉപയോഗിക്കുക

ജോലിയുടെ തുടക്കം മുതൽ ഒരു പെൻഷൻ പദ്ധതിയിൽ ഭാഗമാകുക.

നിക്ഷേപിക്കുമ്പോൾ ഉൽപന്നത്തി​ന്റെയും യും ഏജൻറി​ന്റെയും വിവരങ്ങൾ അറിയുക.

സിം കാർഡ്​, പാസ്​പോർട്ട്​, എമിറേറ്റ്​സ്​ ഐഡി, ഇ–മെയിൽ എന്നിവ വഴിയുള്ള തട്ടിപ്പുകളെ സൂക്ഷിക്കുകയും അറിയുകയും ചെയ്യുക.

യു.എ.ഇയിലും ഇന്ത്യയിലും കവറേജ്​ ലഭിക്കുന്ന, ഗുരുതര രോഗ ചികിത്സയടക്കം ഉൾപ്പെട്ട മെഡിക്കൽ, ലൈഫ്​ ഇൻഷുറൻസിൽ ചേരുക

തൊഴിലിനനുസരിച്ച ജീവിതശൈലി നിലനിർത്തുക. പതിവായി വ്യായാമം ചെയ്യുക.

നിയമപരമായ മുൻകരുതലുകൾ സ്വീകരിക്കുക

ചെയ്യാൻ പാടില്ലാത്തത്​

മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയിൽ മതപരമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്യരുത്​. പാരമ്പര്യങ്ങൾ, ആചാരങ്ങൾ, പൈതൃകങ്ങൾ എന്നിവയെ അതിലംഘിക്കരുത്​.

നിയന്ത്രണമുള്ള സ്​ഥലങ്ങളിൽ ഫോ​ട്ടോ എടുക്കരുത്​. വ്യക്​തികളുടെ​ ഫോ​ട്ടോ അനുവാദമില്ലാതെ എടുക്കുകയോ പോസ്​റ്റ്​ ചെയ്യുകയോ അരുത്​.

ഒ.ടി​.പി, പാസ്​വേഡ്​, എ.ടി.എം പിൻ എന്നിവ ആരുമായും പങ്കുവെക്കരുത്​.

പൊതുയിടത്തിൽ മദ്യപിക്കരുത്​. ലൈസൻസുള്ള പ്രത്യേകം നിജപ്പെടുത്തിയ സ്​ഥലങ്ങളിൽ മാത്രമാണ്​ ഇതിനനുമതി​. (ചില ഗൾഫ് രാജ്യങ്ങളിൽ ഇത് കുറ്റകരമാണ് എന്നത് ഓർത്തുവെക്കേണ്ടതാണ്)

സ്​പോൺസറുടെ അടുത്തുനിന്ന്​ ഓടിപ്പോകരുത്​. യു എ ഇ പ്രവാസികൾ മന്ത്രാലയത്തി​ന്റെ 80060 എന്ന നമ്പറിലോ ഇന്ത്യ എംബസി, കോൺസുലേറ്റ്​ എന്നിവിടങ്ങളിലോ അറിയിക്കുക.

യു എ ഇ യിലെ ദുബൈ കോൺസുലേറ്റ് ആണ് ഇത് പുറത്തിറക്കിയിരിക്കുന്നതെങ്കിലും ഓരോ പ്രവാസിയും ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.