സഊദിയിൽ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് അടുത്ത വർഷം പ്രാബല്യത്തിൽ

0
2971

റിയാദ്: രാജ്യത്തെ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് സംവിധാനം അടുത്ത വർഷം പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ടുകൾ. സഊദി സെൻട്രൽ ബാങ്കിന്റെ സഹകരണത്തോടെ 2022 ൽ നടപ്പാക്കാനാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ഉദ്ദേശിക്കുന്നത്. സെൻ‌ട്രൽ ബാങ്കും ആഭ്യന്തര മന്ത്രാലയവും ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പ്രത്യേക സംവിധാനം നടപ്പാക്കിയായിരിക്കും ഇത് പ്രാബല്യത്തിൽ വരുത്തുക. വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മുസാനിദ് സംവിധാനത്തിൽ ഇത് ലിങ്ക് ചെയ്യുകയും ചെയ്യും.

ഗാർഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ ഒരുപോലെ ഉറപ്പുവരുത്തുന്നതിന് ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കാൻ ഇക്കഴിഞ്ഞ മെയിലാണ് മന്ത്രിസഭ തീരുമാനിച്ചത്. ഉപയോക്താക്കളായ തൊഴിലുടമകളെ പ്രതിനിധീകരിച്ച് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകുന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളാണ് ഗാർഹിക തൊഴിലാളികളുടെ കരാർ ഇൻഷുർ ചെയ്യേണ്ടത്. ഇതിനുള്ള ചെലവ് ഉപയോക്താക്കളും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളും ഒപ്പുവെക്കുന്ന കരാർ ചെലവിൽ ഉൾപ്പെടുത്തിയായിരിക്കും ഈടാക്കുക.

ഉപയോക്താക്കളും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളും തമ്മിൽ ഒപ്പുവെക്കുന്ന കരാർ പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ രണ്ടു വർഷത്തേക്കാണ് കരാർ ഇൻഷുർ ചെയ്യുക. ഇതിനു ശേഷം ഇഖാമ പുതുക്കുമ്പോൾ ഇൻഷുറൻസ് ഏർപ്പെടുത്താനും ഏർപ്പെടുത്താതിരിക്കാനും തൊഴിലുടമകൾക്ക് സ്വാതന്ത്ര്യമുണ്ടാകും.