റിയാദ്: മരുഭൂമിയിൽ വാഹനം കുടുങ്ങിയതിനെ തുടർന്ന് വൃദ്ധൻ മരണപ്പെട്ടു. മൂന്ന് ദിവസം മുമ്പ് കാണാതായ അറുപത് കാരനായ സഊദി പൗരനാണ് കടുത്ത ചൂടിൽ മരുഭൂമിയിൽ അവശനായി ഒടുവിൽ മരണത്തിനു കീഴടങ്ങിയത്. ഇദ്ദേഹത്തെ കാണാതായത് മുതൽ സുരക്ഷ ഉദ്യോഗസ്ഥരും ബന്ധപ്പെട്ടവരും തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
ഇതിനിടെയാണ് മണലിൽ പൂണ്ട പിക്കപ്പ് വാഹനത്തിനു സമീപം ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച്ച വീട്ടിൽ നിന്ന് പുറപ്പെട്ട ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. ബന്ധപെടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചത്.