ദുബായ്: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്‌സിവേയിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ഇക്കോണമി വിമാനക്കമ്പനിയായ ഫ്ളൈ ദുബായ്, ബഹ്‌റൈൻ ആസ്ഥാനമായുള്ള ഗൾഫ് എയർ വിമാനങ്ങളാണ് വ്യാഴാഴ്ച്ച രാവിലെ കൂട്ടിയിടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ഒരു റൺവേ താൽക്കാലികമായി അടച്ചു. വിമാനത്താവള പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും രണ്ട് മണിക്കൂറിന് ശേഷം റൺവേ വീണ്ടും തുറന്നതായും ദുബായ് എയർപ്പോർട്ട് അറിയിച്ചു.
കിർഗിസ്ഥാനിലേക്ക് പോകുന്ന ബോയിംഗ് 737-800 ഫ്ളൈ ദുബായ് വിമാനമാണ് അപകടത്തിൽ പെട്ടത്. ഇതേ തുടർന്ന് യാത്രക്കാരെ ആറു മണിക്കൂറിന് ശേഷം മറ്റൊരു വിമാനത്തിൽ യാത്രയാക്കി. വിമാനത്തിലെ ഒരു വിംഗ്‌ടിപ്പിന് കേടുപാടുകൾ സംഭവിച്ചുവെന്ന് എയർലൈൻ പറഞ്ഞു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മനാമയിലെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു ഗൾഫ് എയർ. ബഹ്‌റൈൻ കമ്പനിയുടെ മറ്റൊരു വിമാനം ഇക്കഴിഞ്ഞ ജൂലൈ അഞ്ചിന് കുവൈത് അന്താരാഷ്ട്ര വിമാനത്താലാവളത്തിൽ ലാൻഡ് ചെയ്യുന്നതിടെ അപകടത്തിൽ പെട്ടിരുന്നു.




