വാക്സിനേഷൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സഊദി കോൺസുലേറ്റ് നിർത്തിവെച്ചു

0
19094

മുംബൈ: പ്രവാസികൾ നാട്ടിൽ നിന്ന് എടുത്ത വാക്സിനേഷൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നിർത്തിവെച്ചതായി മുംബൈയിലെ സഊദി കോൺസുലേറ്റ് അറിയിച്ചു. ഇനി മുതൽ വാക്സിനേഷൻ സട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാനായി സമർപ്പിക്കേണ്ടതില്ലെന്നും അറ്റസ്റ്റേഷൻ ചെയ്യുകയില്ലെന്നും സഊദി കോൺസലേറ്റ് അറിയിച്ചതായി ഏജൻസികൾ അറിയിച്ചു. അറ്റസ്റ്റേഷന് സമർപ്പിക്കാനായി അനുമതിയുള്ള ട്രാവൽസ് ഏജൻസികളെ കോൺസലേറ്റ് നേരിട്ട് അറിയിച്ചതാണിക്കാര്യം.

ആയിരക്കണക്കിന് വാക്സിനേഷൻ സട്ടിഫിക്കറ്റുകളാണ് ഏജൻസികളിൽ ഇപ്പോൾ ഉള്ളത്. ഇതിൽ ബഹു ഭൂരിഭാഗവും അറ്റസ്റ്റേഷൻ ചെയ്യാൻ വേണ്ടി കോൺസുലെറ്റിൽ സമർപ്പിക്കുന്നതിനായുള്ള നോട്ടറി, ഹോം ഡിപ്പാർട്ട്മെന്റ് സീൽ, ട്രാൻസലേഷൻ എന്നിവ പൂർത്തീകരിച്ചതായിരുന്നു. ഇനി ഇതെല്ലാം കസ്റ്റമർക്ക് തിരിച്ചു കൊടുക്കുകയാണ് മാർഗമുള്ളൂവെന്ന് ഏജൻസി അറിയിച്ചു.

ഇതോടെ, ഇനി മുതൽ അറ്റസ്റ്റേഷൻ ഇല്ലാതെ തന്നെ സഊദി ആരോഗ്യ മന്ത്രാലയ സൈറ്റിൽ സമർപ്പിക്കുകയാണ് വേണ്ടത്. അറ്റസ്റ്റേഷൻ സംബന്ധമായി ഏറെ ആശങ്ക നില നിൽക്കെയാണ് കോൺസുലേറ്റിന്റെ ഭാഗത്തു നിന്ന് ഇതരത്തിലൊരു നിലപാട്.

അറ്റസ്റ്റേഷൻ സംബന്ധമായി നേരത്തെ തന്നെ സംശയങ്ങൾ ഉയർന്നിരുന്നു. സഊദി അധികൃതർ എവിടെയും ഔദ്യോഗികമായി അറ്റസ്റ്റ് ചെയ്യണമെന്ന് വ്യക്തമാക്കിയിട്ടില്ല. അപ്‌ലോഡ് ചെയ്യുന്ന സമയത്ത് ചിലർക്ക് അറ്റസ്റ്റ് ചെയ്യണമെന്ന നിർദേശത്തോടെ നിരസിച്ചതോടെയാണ് അറ്റസ്റ്റേഷൻ എന്ന നിലപാടിലേക്ക് പ്രവാസികൾ തിരിഞ്ഞത്. എന്നാൽ, അടുത്തിടെ അറ്റസ്റ്റേഷൻ ഇല്ലാതെ തന്നെ നിരവധി പേർക്ക് തവക്കൽന അപ്ഡേറ്റ് ആയതായി നിരവധി പേർ സാക്ഷ്യപ്പെടുത്തി.

മലയാളംപ്രസ്സ് വാർത്തകൾ ഉടൻ ലഭിക്കാനായി ഗ്രൂപ്പിൽ അംഗമാകാം👇

https://chat.whatsapp.com/DYmrkizXwsx2B7dfPQ3Rmq