മക്ക/മദീന: ഇബ്‌റാഹീം നബിയുടെ ത്യാഗ സമരണയിൽ സഊദി അറേബ്യ ഉൾപ്പെടെ ഗൾഫ് നാടുകൾ ബലിപെരുന്നാൾ ആഘോഷിച്ചു. കൊവിഡ് മഹാമാരി ഭീഷണി നില നിൽക്കെയാണ് ആർഭാട പൂർവ്വമല്ലാത്ത നിലയിൽ വിവിധ ഗൾഫ് രാജ്യങ്ങൾ ബലിപെരുന്നാൾ കൊണ്ടാടിയത്. പ്രവാസികളും സ്വദേശികളും ആരോഗ്യ മന്ത്രാലയ അധികൃതരുടെ അഭ്യർത്ഥനകൾ പാലിച്ച് അധികം ആൾക്കൂട്ടമില്ലാതെ തന്നെ കഴിയുന്ന രീതിയിൽ ആശംസകൾ കൈമാറിയും ഈദ് സന്ദേശം നൽകിയും ബലിപെരുന്നാൾ ആഘോഷത്തിൽ പങ്കാളികളായി. സഊദി അറേബ്യക്ക് പുറമെ, യുഎഇ, ഖത്തർ,ബഹ്‌റൈൻ, ഒമാൻ, കുവൈത് തുടങ്ങി വിവിധ അറബ്, ഗൾഫ് രാജ്യങ്ങളിലും ഇന്നലെ തന്നെയായിരുന്നു ബലിപെരുന്നാൾ.
വിശുദ്ധ മക്കയിലും മദീനയിലും വിപുലമായാണ് പെരുന്നാൾ നിസ്കാരങ്ങൾ നടന്നത്. എങ്കിലും മക്ക പള്ളിയിലേക്ക് പ്രവേശനം പരിമിതമായിരുന്നു മസ്‌ജിദുന്നബവിയിൽ ആയിരങ്ങളാണ് പ്രോട്ടോകോൾ പാലിച്ച് പെരുന്നാൾ നിസ്‌കാരത്തിൽ പങ്കെടുത്തത്. മക്കയിലെ മസ്‌ജിദുൽ ഹറാമിൽ ശൈഖ് ഡോ: ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീലയും മദീനയിൽ മസ്‌ജിദുന്നബവി ഇമാം ശൈഖ് അലി അൽ ഹുദൈഫിയും പെരുന്നാൾ ഖുത്വുബ, നിസ്‌കാരങ്ങൾക്ക് നേതൃത്വം നൽകി. ഇരു ഹറമുകളിലും ഗവൺമാർ,ഡെപ്യൂട്ടി ഗവർണർമാർ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും പെരുന്നാൾ നിസ്‌കാരത്തിൽ പങ്ക് കൊണ്ടു.