ജിദ്ദ: മാധ്യമ പഠന രംഗത്ത് നവീന പഠന മേഖലയിലേക്ക് യോഗ്യത നേടി അമേരിക്കയിലെ ടെക്സസ് ഹൂസ്റ്റൻ കമ്മ്യൂണിറ്റി കോളേജിൽ ചേർന്ന് പഠിക്കാൻ അവസരം ലഭിച്ച പൊന്മള പഞ്ചായത്തിലെ വി. പി ഫാത്തിമ റിൻഷയെ പൊന്മള പഞ്ചായത്ത് കെഎംസിസി കമ്മിറ്റി അനുമോദിച്ചു. വർഷം തോറും നടത്തി വരാറുള്ള കമ്മ്യൂണിറ്റി കോളേജ് ഇനീഷ്യറ്റീവ് പ്രോഗ്രാമിലൂടെയാണ് ഫാത്തിമ റിൻഷ ഈ യോഗ്യത നേടിയത്. പ്രസ്തുത പ്രോഗ്രാമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഇരുപത് ഇന്ത്യക്കാരായ വിദ്യാർത്ഥികളിൽ ഏക മലയാളിയായ ഫാത്തിമ റിൻഷ വട്ടപ്പറമ്പ് സ്വദേശിയായ വി. പി അബ്ദുൽ അസീസിന്റെ മകളാണ്.
പൊന്മള പഞ്ചായത്ത് കെഎംസിസി വക ഉപഹാരം കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഫാത്തിമ റിൻഷക്ക് കൈമാറി. ഈ അപൂർവ്വ നേട്ടം കൈവരിച്ച ഫാത്തിമ റിൻഷ കേരളത്തിന്റെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
മുസ്‌ലിം പെൺ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്ത സി. എച്ച് മുഹമ്മദ് കോയയുടെ സ്വപ്നമാണ് ഫാത്തിമ റിൻഷയുടെ ഈ നേട്ടത്തിലൂടെ സഫലമായതെന്നും തങ്ങൾ പറഞ്ഞു.
വട്ടപ്പറമ്പ് എം എസ് എസ് ഓഫീസ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ കെ. പി സാദിഖ് അധ്യക്ഷത വഹിച്ചു. കെഎംസിസി ഭാരവാഹികളായ അബ്ദുല്ലത്തീഫ് പുള്ളാടൻ, കെ.പി സമദലി, ഇബ്‌റാഹീം കാട്ടിക്കുളങ്ങര, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞി മാനു ഒളകര, സുബൈർ പള്ളിക്കര, മുസ്‌ലിം ലീഗ് ഭാരവാഹികളായ സലീം ചാപ്പനങ്ങാടി, വി. കെ യാഖൂബ് തുടങ്ങിയവർ സംസാരിച്ചു.