വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്; അറ്റസ്‌റ്റ് ചെയ്യണമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്

0
15346

ജിദ്ദ: നാട്ടിൽ നിന്ന് വാക്‌സിനേഷൻ സ്വീകരിച്ച പ്രവാസികൾ ആകെ ത്രിശങ്കുവിലായ തവക്കൽന അപ്‌ഡേറ്റിൽ മറുപടിയുമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്ത് അപ്‌ലോഡ് ചെയ്യണമെന്നാണ് ജിദ്ദയിലെ ഇന്ത്യൻ എംബസി അറിയിച്ചത്. ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് കോൺസുലേറ്റ് ഇക്കാര്യം അറിയിച്ചത്. ന്യൂഡൽഹിയിലെ സഊദി റോയൽ എംബസിയിൽ നിന്നോ മുംബൈയിലെ കോൺസുലേറ്റിൽ നിന്നോ അറ്റസ്‌റ്റ് ചെയ്‌ത വാക്‌സിൻ സർട്ടിഫിക്കറ്റുകൾ മാത്രമാണ് സഊദി അധികൃതർ സ്വീകരിക്കുന്നതെന്നും അതിനാൽ, വാക്‌സിൻ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്‌ത ശേഷം സഊദിയിലേക്ക് വരുന്നതിന് മുമ്പ് മുഖീം പ്ലാറ്റ്ഫോമിൽ അപ്‌ലോഡ് ചെയ്യണമെന്നുമാണ് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ചോദ്യത്തിന് മറുപടിയായി ട്വിറ്ററിൽ അറിയിച്ചത്.

അതേസമയം, ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ കോൺസുലേറ്റോ ഇന്ത്യൻ എംബസിയോ തയ്യാറായിട്ടില്ല. വാക്സിനേഷൻ അറ്റസ്റ്റ് ചെയ്‌തിട്ടും സഊദി അധികൃതർ തള്ളിക്കളഞ്ഞുവെന്നുള്ള കാര്യങ്ങൾ ഉൾപ്പെടെ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചിട്ടും കോൺസുലേറ്റ് ഇക്കാര്യത്തിൽ മറുപടി നൽകിയിട്ടില്ല. മാത്രമല്ല, ഇക്കാര്യത്തിൽ എംബസിയുടെ അറിവില്ലായ്‌മ മറുപടിയിൽ നിഴലിക്കുന്നുമുണ്ട്. നിലവിൽ തവക്കൽന അപ്‌ഡേറ്റിനായി സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക ലിങ്കിലാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഇവിടെയാണ് പ്രവാസികൾക്ക് പ്രതിസന്ധി നേരിടുന്നതും. എന്നാൽ, കോൺസുലേറ്റ് അറിയിച്ചിരിക്കുന്നത് അറ്റസ്‌റ്റ് ചെയ്‌ത സർട്ടിഫിക്കറ്റ് മുഖീമിൽ അപ്‌ലോഡ് ചെയ്യണന്നാണ്. സഊദി പ്രവാസികൾക്ക് സഊദി പ്രവേശനത്തിന് വേണ്ടിയാണ് മുഖീം രജിസ്‌ട്രേഷൻ ആവശ്യമുള്ളതെന്നും അവിടെ അറ്റസ്റ്റ് ചെയ്‌ത സർട്ടിഫിക്കറ്റ് ആവശ്യമില്ലായെന്നതുമാണ് വാസ്‌തവം.

അറ്റസ്റേഷൻ സംബന്ധമായി സംബന്ധമായി വ്യക്തമായ നടപടിക്രമങ്ങൾ അധികൃതർ പുറത്ത് വിടാത്തതിനാൽ പതിനായിരക്കണക്കിന് പ്രവാസികൾക്ക് തിരിച്ചടിയായിരിക്കുകയാണ്. വാക്‌സിൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യണമെന്ന് സഊദി ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് മറുപടികൾ ലഭിച്ച ശേഷം അറ്റസ്റ്റ് ചെയ്ത് ശ്രമിച്ചവർക്ക് വീണ്ടും നിരസിക്കുന്നതും ചിലയാളുകൾക്ക് അറ്റസ്റ്റേഷൻ ഒന്നും ചെയ്യാതെ തന്നെ അപ്‌ഡേറ്റ് ആകുന്നതുമാണ് ഏറെ ആശങ്കക്കിട വരുത്തുന്നത്. രണ്ടു സാഹചര്യത്തിലും സ്വീകരിക്കുയും നിരസിക്കുകയും ചെയ്യുന്നതിനാൽ അത് എന്തിന്റെ മാനദണ്ഡങ്ങളിൽ ആണെന്നും ഏത് സാഹചര്യത്തിലാണെന്നും ഇത് വരെ വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ എംബസിയോ കോൺസുലേറ്റോ യാതൊരു വിധ വിശദീകരണവും ഇതുവരെ വ്യക്തമാക്കിയിട്ടില്ലായെന്നതും ഏറെ പ്രതിസന്ധികൾക്ക് വഴി വെച്ചിട്ടുണ്ട്.

………….

സഊദി വാർത്തകൾക്ക് അംഗമാകാം

https://chat.whatsapp.com/GzLcCisqb7YEVwzM6z5sTu