ജിദ്ദ: ഇബ്റാഹീം നബി കാണിച്ച തൗഹീദും മുഹമ്മദ് നബിയുടെ സുന്നത്തും ഉൾക്കൊണ്ടു ജീവിക്കുക എന്നതാണ് പരിശുദ്ധമായ ഹജ്ജിന്റെ സന്ദേശം എന്ന് പ്രമുഖ പണ്ഡിതൻ അബ്ദുൽ ഖയ്യും ബുസ്താനി പറഞ്ഞു. ഏക ദൈവ വിശ്വാസത്തിന്റെ പരസ്യ പ്രഖ്യാപനമാണ് ഹജ്ജ് എന്നും ഹജ്ജ് നിർവഹിക്കുക വഴി എല്ലാം പടച്ച തമ്പുരാനിൽ അർപ്പിക്കാനുള്ള മനസ് ഹാജിമാർ നേടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച വാരാന്ത്യ ഓൺലൈൻ ക്ളാസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവിന്റെ കല്പനകൾ അനുസരിച്ചും അവന്റെ കാരുണ്യത്തിൽ പ്രതീക്ഷയർപ്പിച്ചും ജീവിച്ചു സ്വർഗ്ഗവശികളാവാൻ വേണ്ടിയാണ് ഹജ്ജ് ചെയ്യുന്നത്. അതോടൊപ്പം ജീവിതത്തിൽ സൂക്ഷ്മത നേടിയെടുകക്കുക എന്നതും ഹജ്ജിന്റെ പ്രധാന ലക്ഷ്യമാണ്. ഹജ്ജിൽ പ്രവേശിച്ചാൽ തർക്കം, അസഭ്യം, അശ്ലീലം തുടങ്ങിയവ പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഹാജിമാർക്ക് ക്ഷമയും വിട്ടു വീഴ്ച മനോഭാവവും വേണമെന്നും അദ്ദേഹം പറഞ്ഞു.
ഒട്ടും പരിചയമില്ലാത്ത സ്ഥലങ്ങളിൽ വിവിധ നാടുകളിൽ നിന്നെത്തുന്ന വിവിധ ഭാഷക്കാരായ ആളുകൾക്കിടയിൽ ഏതാനും ദിവസങ്ങൾ ക്ഷമിച്ചും സഹകരിച്ചും വിട്ടു വീഴ്ച ചെയ്തും ജീവിക്കുന്ന ഹാജിമാർക്ക് ജീവിതത്തിന്റെ ഏത് പ്രതിസന്ധിയെയും നേരിടാനുള്ള വലിയ പരിശീലനമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഹാജിമാർ അന്ധ വിശ്വാസങ്ങൾ, അനാചാരങ്ങൾ, പൈശാചിക ചിന്തകൾ എന്നിവയിൽ നിന്നെല്ലാം മോചിതരായി കലർപ്പില്ലാത്ത ഏക ദൈവ വിശ്വാസം ഉൾക്കൊണ്ടു പ്രവാചക ചര്യ പൂർണ്ണമായും ഉൾക്കൊണ്ടു മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അല്ലാഹുവിന്റെ അഥിതികളായ ഹാജിമാരുടെ പ്രാർത്ഥനക്ക് ഉത്തരം കിട്ടുമെന്നും ആയതിനാൽ ലോക നന്മക്കും സമാധാനത്തിനും പുരോഗതിക്കും വേണ്ടി ഹാജിമാർ പ്രാർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സൂം പ്ലാറ്റുഫോമിൽ നടന്ന പരിപാടിയിൽ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി എടക്കര സ്വാഗതവും അബ്ദുൽ അസീസ് സ്വലാഹി നന്ദിയും പറഞ്ഞു.




