ഹജ്ജ് 2021: ഹാജിമാർ നാളെ മുതൽ മക്കയിൽ എത്തിത്തുടങ്ങും

0
1271

മക്ക: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ഞായറായഴ്ച തുടക്കം കുറിക്കാനിരിക്കെ തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർ നാളെ മുതൽ മക്കയിലേക്ക് തിരിക്കും. രാജ്യത്തിന്റെ ദൂര ദിക്കുകളിൽ നിന്നുള്ള ഹാജിമാരാണ് നാളെ മക്കയിലേക്ക് തിരിക്കുക.മക്കളുടെയും സമീപ പ്രദേശങ്ങളിലെയും ഹാജിമാർ ദുൽഹിജ്ജ എട്ടിന് അഥവാ ഞായറാഴ്ചയുടെയുമായിരിക്കും മക്കയിലെത്തിച്ചേരുക. ഇവിടെ നിന്ന് പ്രത്യേക ബസുകളിൽ നിയന്ത്രങ്ങളോടെയാണ് ഹാജിമാരെ താമസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. മക്കയിൽ എത്തുന്ന ഹാജിമാർക്ക് ഹറം പള്ളിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുകയില്ല. പ്രത്യേക കേന്ദ്രങ്ങളിൽ എത്തിച്ചേരാനാണ് നിർദേശം നൽകിയിരിക്കുന്നത്. അറുപതിനായിരം ഹാജിമാരാണ് ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുക.

ഇന്ന് (വെള്ളി) മുതൽ ഹറം പള്ളിയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് അനുമതി പത്രം ലഭിച്ചവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. നിയന്ത്രണങ്ങൾക്കായി ഹറമിന് ചുറ്റും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ദുൽഹജ്ജ്​ ഏഴ്​ മുതൽ 13 വരെയുള്ള തീയതികളിൽ ഹറം പരിസരങ്ങളിലേക്കും പുണ്യ സ്ഥലങ്ങളിലേക്കും ഹജ്ജ് അനുമതിപത്രമില്ലാത്തവരെ കടത്തിവിടുകയില്ലെന്നു നേരത്തെ തന്നെ സുരക്ഷാ വിഭാഗം മുന്നറിയിപ്പ്നൽകിയിരുന്നു. ഹാജിമാർ ഹറമിന് ചുറ്റുമുള്ള നാല് പ്രവേശന കവാടങ്ങളിൽ ഏതെങ്കിലും ഒന്നിൽ എത്തിച്ചേരുകയാണ് വേണ്ടത്. ഇവിടെ നിന്ന് പരിശോധനകൾ പൂർത്തീകരിച്ച ശേഷം ഇവരെ പ്രത്യേക നിയന്ത്രണങ്ങളോടെ സംഘമാക്കിയായിരിക്കും താമസ കേന്ദ്രങ്ങളിലേക്ക് എത്തിക്കുക. ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കുന്ന മിനാ താഴ്വാരത്തേക്കും ഇവരെ അതീവ നിയന്ത്രണങ്ങളോടെ പ്രത്യേക ബസുകളിൽ ആയിരിക്കും എത്തിക്കുക. ജൂലൈ 23 അഥവാ ദുൽഹിജ്ജ 13 നനച്ചു ഹജ്ജ് കർമ്മങ്ങൾക്ക് പരിസമാപ്തി കുറിക്കുക.

പുണ്യ സ്ഥലങ്ങളായ മിനാ താഴ്വാരം, അറഫാത്ത് മൈതാനം, ജംറകൾ തുടങ്ങി മുഴുവൻ കേന്ദ്രങ്ങളിലും അവസാന വട്ട സുരക്ഷാ വിലയിരുത്ത നടത്തി. മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാഹചര്യങ്ങൾ പരിശോധിച്ച് വിലയിരുത്തിയത്. കോവിഡ് വ്യാപനം തടയാൻ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങളും ആരോഗ്യ മുൻകരുതലുകളും യഥാര്ത സംവിധാനവും അടക്കമുള്ള സൗകര്യങ്ങൾ എന്നിവ പരിശോധിച്ചു. ഹജ്ജ് സ്മാർട്ട് കാർഡ് പദ്ധതി, സാഇദിയയിലെ സ്വീകരണ കേന്ദ്ര നിർമ്മാണ പദ്ധതി, ശുമേസി ചെക്ക് പോയന്റ് വികസന പദ്ധതി തുടങ്ങിയവായും ഗവർണർ സന്ദർശിച്ചു. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താനും സംഘത്തിലുണ്ടായിരുന്നു.