ജിദ്ദ: കൊവിഡ് മഹാമാരിയെതുടർന്നുണ്ടായ വിമാന യാത്ര നിയന്ത്രണം തുടരുന്ന കാരണം ഇത്തവണയും നിരവധി പ്രവാസികൾക്ക് കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ കഴിയില്ല. ബലി പെരുന്നാളിന്റെ നീണ്ട അവധി എങ്ങനെ തള്ളി നീക്കുമെന്നാണ് പലരും ഇപ്പോൾ ആലോചിക്കുന്നത്. പല കമ്പനികൾക്കും ഇന്ന് പെരുന്നാളിന് മുമ്പുള്ള അവസാന പ്രവൃത്തി ദിവസം ആണ്. ഇനി പെരുന്നാൾ അവധി കഴിഞ്ഞ ശേഷമാണ് തുറന്നു പ്രവർത്തിക്കുക.
മുമ്പ് കുടുംബം കൂടെയില്ലാത്ത പ്രവാസികൾ കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ വേണ്ടി പെരുന്നാൾ പ്രമാണിച്ചു നാട്ടിൽ പോവാറുണ്ടായിരുന്നു. നല്ല തിരക്ക് കാരണം പെരുന്നാൾ സീസൺ ആയാൽ വിമാന കമ്പനികൾ നിരക്ക് കുത്തനെ ഉയർത്താറുണ്ടായിരുന്നു. എന്നാൽ കൊവിഡിന്റെ വരവോടെ കാര്യങ്ങൾ എല്ലാം അവതാളത്തിലായി. ഇന്ത്യയിൽ നിന്നും നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ അവധിക്ക് പോയവർ തിരിച്ചു വരാൻ കഴിയാതെ വിഷമിച്ചു നിൽക്കുകയാണ്. ഇക്കരണത്താൽ അവധി ഉണ്ടായിട്ടും പ്രവാസികൾ നാട്ടിൽ പോവാൻ മടിക്കുന്നു!
മുമ്പ് ബലി പെരുന്നാളിന് അവധിയുള്ളവർ ഹാജിമാർക്ക് സേവനം ചെയ്യാൻ വേണ്ടി മക്കയിലെ മിനയിലേക്ക് പോവാറുണ്ടായിരുന്നു. മൂന്നോ നാലോ ദിവസം ഇങ്ങനെ ഹാജിമാർക്ക് വേണ്ടി സേവനം ചെയ്യാൻ കഴിയുമായിരുന്നു. ഇത് മലയാളികൾ ഉൾപ്പെടെയുള്ള ഹാജിമാർക്ക് വലിയ ആശ്വാസം തന്നെയായിരുന്നു.
ജിദ്ദയിൽ നിന്നും മിക്ക മലയാളി സംഘടനകളുടെയും കീഴിൽ ഹജ്ജ് വളന്റിയർമാരായി പോവാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ നിന്നുൾപ്പെടെ വിദേശ ഹാജിമാർ ഇത്തവണയും ഇല്ലാത്തതിനാൽ ഹജ്ജ് വളന്റിയർമാരായി ആരും പോകുന്നില്ല.
ഇത്തരം ഒരു പ്രത്യേക സാഹചര്യത്തിലാണ് പല പ്രവാസി സംഘടനകളും ടൂർ പാക്കേജുമായി മുന്നോട്ട് വന്നിരിക്കുന്നത്. പ്രവാസികളുടെ മാനസിക സംഘർഷം കുറക്കാനും മനസിന് വിനോദം നൽകാനും ഇത്തരം ടൂർ പരിപാടി ഒരർത്ഥത്തിൽ വലിയ അനുഗ്രഹം തന്നെയാണ്.
പെരുന്നാൾ പ്രമാണിച്ചു പലരും മദീനയിലെ ചരിത്ര പ്രധാന സ്ഥലങ്ങൾ ഉൾപ്പെടുത്തി സ്പെഷ്യൽ മദീന സിയാറ സംഘടിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം യാമ്പു, അൽ ബഹ, തബൂക് തുടങ്ങി സൗദിയുടെ വിവിധ ഭാഗങ്ങളിലേക്ക് ജിദ്ദയിൽ നിന്നും വിനോദ പഠന യാത്രകൾ ഉണ്ട്. പ്രവാസി സംഘടനകൾക്ക് പ്രവർത്തന ഫണ്ട് കണ്ടെത്താൻ ഇത് വഴി കഴിയും എന്ന് മാത്രമല്ല വിവിധ സ്ഥലങ്ങൾ സന്ദർശിക്കുക വഴി ബലി പെരുന്നാൾ ആഘോഷമാക്കാനും ഒപ്പം പുതിയ ഒരുപാട് അറിവുകൾ നേടാനും ഇത്തരം യാത്രകൾ പ്രവാസികൾക്ക് അവസരമൊരുക്കുന്നുണ്ട്.