മക്ക: ഈ വർഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങൾ പൂർണ്ണമായെന്ന് ഹജ്ജ് സുരക്ഷ ഫോഴ്‌സ് അറിയിച്ചു. സുരക്ഷ, ആരോഗ്യ സംവിധാനങ്ങൾ പൂർണ്ണമായെന്നും ഹാജിമാരെ നാല് പ്രവേശന കവാടങ്ങളിലൂടെ മാത്രമേ പുണ്യ നഗരിയിലേക്ക് പ്രവേശനം നല്കുകയുള്ളൂവെന്നും ഹജ്ജ് സെക്യൂരിറ്റി ഫോഴ്‌സ് കമാൻഡറും പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ഡയറക്ടറുമായ മേജർ ജനറൽ സായിദ് ബിൻ അബ്‌ദുറഹ്‌മാൻ അൽ തുവയാൻ പറഞ്ഞു. ഉദ്യോഗസ്ഥരോടൊപ്പം ഇ വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾ വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. .
ഹജ്ജ് പെർമിറ്റ് ഇല്ലാത്ത തീർഥാടകരെ വിശുദ്ധ സൈറ്റുകളിൽ പ്രവേശിക്കാൻ അനുവദിക്കില്ല. നാല് കേന്ദ്രങ്ങളിൽ കൂടി മാത്രമായിരിക്കും പ്രവേശനം. മക്കയിലുള്ളവരെയും നേരിട്ട് ഹറം പള്ളിയിലേക്ക് പ്രവേശിപ്പിക്കുകയില്ല. ഇവരും നാല് കേന്ദ്രങ്ങളിൽ ഏതെങ്കിലും ഒരു കേന്ദ്രത്തിൽ എത്തുകയാണ് വേണ്ടത്. ഇവിടെ നിന്നാണ് അധികൃതരുടെ പ്രത്യേക നിയന്ത്രണത്തിൽ ഹറം പള്ളിയിലെക്ക് എത്തിക്കുക. കൊറോണ വൈറസ് വാക്സിൻ പൂർത്തിയാക്കാത്തവർക്ക് അനുമതി നൽകുകയില്ല. ഹാജിമാർക്കും ഇവരെ സേവിക്കുന്നവർക്കും ഇത് നിര്ബന്ധമാണ്. വിശുദ്ധ നഗരികളിൽ തീർഥാടകരെ സേവിക്കുന്നതുമായി ബന്ധപ്പെട്ടവർക്ക് പെർമിറ്റും ഉണ്ടായിരിക്കും. കൊറോണ വൈറസ് പടരാതിരിക്കാൻ സ്വീകരിച്ച മുൻകരുതൽ നടപടികളുടെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ എണ്ണം നിർണ്ണയിച്ചത്. “ധാരാളം തീർഥാടകരുടെ പങ്കാളിത്തത്തോടെ രാജ്യം ഹജ്ജ് സംഘടിപ്പിക്കാറുണ്ടെങ്കിലും അഭൂതപൂർവമായ പകർച്ചവ്യാധി സാഹചര്യം തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്താൻ നിർബന്ധിതരായി, ഇത് തീർത്ഥാടകരുടെ അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജ് സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും സുരക്ഷിതവും പ്രശ്‌നരഹിതവുമായ ഹജ്ജ് ഉറപ്പാക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. മക്കക്കകത്ത് നിന്നോ പുറത്ത് നിന്നോ ഒരു തീർത്ഥാടകനെയും വ്യക്തിഗതമായി വിശുദ്ധ നഗരികളിലേക് പോകാൻ അനുവദിക്കില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു. ഹജ്ജ് സുരക്ഷാ മുൻകരുതൽ വിഭാഗം തയ്യാറാക്കിയ പദ്ധതികൾ പ്രകാരം മാത്രമായിരിക്കും ഓരോ ഹാജിമാരുടെയും ചലനങ്ങൾ.
പാസ്‌പോർട്ട് വിഭാഗം കമാൻഡർ മേജർ ജനറൽ സാലിഹ് അൽ മുറബ, സിവിൽ ഡിഫൻസ് കമാൻഡർ മേജർ ജനറൽ ഹമൂദ് അൽ ഫറജ്, റോഡ് സുരക്ഷയുടെ അസിസ്റ്റന്റ് കമാൻഡർ മേജർ ജനറൽ അബ്ദുൽ അസീസ് അൽ മുസാഅദ്, വനിത സുരക്ഷ ഉദ്യോഗസ്ഥ അബീർ അൽ റാശിദ്, ഹജ്ജ് സെക്യൂരിറ്റി ഫോഴ്‌സ് കമാൻഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ശാമി അൽ ശുവൈരിക് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.