ഖത്തർ സമീപനം സഊദിയും സ്വീകരിക്കുമോയെന്ന് ഉറ്റു നോക്കി പ്രവാസ ലോകം, പ്രതീക്ഷ സഊദി അനുകമ്പയിൽ മാത്രം

0
3300

റിയാദ്: രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് പ്രവേശനാനുമതി നൽകിയ ഖത്തർ തീരുമാനത്തിൽ ആശ്വാസം കൊള്ളുന്ന പ്രവാസ ലോകം ഇനി ഉറ്റു നോക്കുന്നത് സമാനമായ തീരുമാനം സഊദി അറേബ്യയും സ്വീകരിക്കുമോ എന്നാണ്. പ്രവാസികൾക്ക് ഏറെ ആശ്വാസമായ തീരുമാനം ഖത്തർ പ്രഖ്യാപിച്ചപ്പോൾ അതിൽ തന്നെ ഏറ്റവും കൂടുതൽ ആശ്വാസം കൊള്ളുന്നത് സഊദി പ്രവാസികളാണ്. ഒന്നര വർഷമായി അനുഭവിക്കുന്ന യാത്രാ ദുരിതം പരിഹരിക്കാൻ ബന്ധപ്പെട്ട സർക്കാറുകളോ എംബസിയോ വേണ്ടത്ര ജാഗ്രത കാണിക്കാൻ തയ്യാറാക്കാത്ത സ്ഥിതിയിൽ ഇനി പ്രതീക്ഷിക്കുന്നത് സഊദി ഭരണകൂടത്തിന്റെ അനുകമ്പ മാത്രമാണ്. ആ ഒരു പ്രഖ്യാപനത്തിന് മാത്രമാണ് പ്രവാസികൾ കാത്തോർക്കുന്നത്. ബാളിപ്പെരുന്നാളിന് ശേഷം ഏതെങ്കിലും തരത്തിലുള്ള ഒരു പ്രഖ്യാപനം ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷ പുലർത്തുന്നവരും നിരവധിയാണ്.

ദുരിതയാത്ര ഏറെ സഹിച്ച സഊദി പ്രവാസികളുടെ നരകയാതനക്ക് പരിഹാരം കാണാൻ വിവിധ മാർഗ്ഗങ്ങൾ ഉണ്ടായിട്ടും ആവശ്യമായ സമയത്ത് പോലും അത് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുന്നതിൽ ഇന്ത്യൻ ഗവൺമെന്റ് പരാചയപ്പെട്ടു എന്ന് വേണം കരുതാൻ. ഏറ്റവും ഒടുവിൽ അംബാസിഡർ ഇന്നലെ നടത്തിയ പ്രസ്താവനയിലും പ്രവാസികൾക്ക് പ്രതീക്ഷയില്ല. തുടക്കത്തിലേ അതെ പ്രസ്താവനകൾ മാത്രമാണ് എംബസിനടത്തുന്നത്. ട്വിറ്ററിലും മറ്റും ഇത് സംബന്ധമായ ചോദ്യങ്ങളുമായി ആയിരക്കണക്കിന് പ്രവാസികൾ എത്തിയിട്ടും വ്യക്തമായ ഉത്തരം നൽകാൻ ഇത് വരെ സാധിച്ചിട്ടില്ല.

എന്നാൽ, ഇപ്പോൾ ഖത്തർ നടത്തിയ പ്രഖ്യാപനത്തിൽ അൽപം ആശ്വാസം പുൽകിയിരിക്കുകയാണ് സഊദി പ്രവാസികൾ. ഖത്തറിലേക്ക് ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ ലഭ്യമാകുന്നതാണ് പകുതി ആശ്വാസം നൽകുന്നത്. കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, റിട്ടേണ്‍ എയര്‍ ടിക്കറ്റ്, ഖത്തര്‍ സന്ദര്‍ശിക്കുന്ന അത്രയും ദിവസത്തേക്കുള്ള അംഗീകൃത ഹോട്ടല്‍ ബുക്കിംഗ്, ഖത്തർ അംഗീകരിച്ച വാക്സിൻ കുത്തിവെപ്പ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, 72 മണിക്കൂറില്‍ മുമ്പെടുത്ത ആര്‍.ടി. പി. സി. ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ കരുതണം. യാത്രക്ക് മുമ്പ് www.ehteraz.gov.qa എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മന്ത്രാലയ അനുമതി നൽകുന്നവർക്കാണ് ഇത്തരത്തിൽ പ്രവേശനം അനുവദിക്കുക. 30 ദിവസത്തേക്ക് ലഭിക്കുന്ന വിസ സൗജന്യമായി ഒരു മാസത്തേക്ക് കൂടി നീട്ടുവാന്‍ കഴിയും. ഇത് ഉപയോഗപ്പെടുത്തി പ്രവാസികൾക്ക് സഊദി പ്രവേശനം സാധ്യമാകുന്നതാണ്.

പതിനാല് ദിവസം ഇവിടെ കഴിയാൻ സൗജന്യ വിസ ലഭിക്കുന്നത് ഏറെ ആശ്വാസകമാകും. തുടർന്ന് ക്വാറന്റൈൻ പൂർത്തീകരിച്ച് സഊദിയിലേക്ക് യാത്ര തിരിക്കാം. കര, വ്യോമ മാർഗ്ഗങ്ങൾ വഴി ഖത്തറിൽ നിന്ന് സഊദി പ്രവേശനം ഇപ്പോൾ സാധ്യമാണ്.

വാക്‌സിനെടുത്ത ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് ഒരു മാസത്തെ സൗജന്യ ഓണ്‍ അറൈവല്‍ വിസ