നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകണം; മലയാളിയെ ജാമ്യത്തിൽ പുറത്തിറക്കിയ സാമൂഹ്യ പ്രവർത്തകന് യാത്രാ വിലക്ക്

0
3089

റിയാദ്: വാഹനാപകട കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന മലയാളിക്ക് ജയിൽ മോചനത്തിനായി ജാമ്യം നിന്ന സാമൂഹ്യ പ്രവർത്തകൻ നാട്ടിൽ പോകാൻ കഴിയാതെ യാത്രാ വിലക്കിൽ. ഏക മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോലും കഴിയാതെ യാത്രാകുരുക്കിൽ പെട്ടിരിക്കുകയാണ് മലപ്പുറം സ്വദേശി ഹുസൈൻ. രണ്ടു സഊദി പൗരന്മാരുടെ മരണത്തിനു ഇടയാക്കിയ വാഹനാപകടത്തിൽ ശിക്ഷിക്കപ്പെട്ട് മൂന്നു വർഷത്തോളം ജയിലിൽ കഴിയേണ്ടി വന്ന മലയാളിയായ തിരുവനന്തപുരം പോത്തൻകോട് അരിയക്കോട് സ്വദേശി വിപിന്റെ (34) ജയിൽ മോചനത്തിന് ജാമ്യം നിന്നതിനെ തുടർന്നാണ് ഹൂസൈന് യാത്രവിലക്ക് വന്നത്. ദവാദ്മിയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനാണ് ഹുസ്സൈൻ

റിയാദിൽ നിന്ന് 300 കി.മീ. അകലെ ദവാദ്മിയിൽ വാഹനാപകടത്തിലാണ് വിപിൻ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നത്. വിപിനെ സഹായിക്കാൻ ആരുമില്ലെന്നറിഞ്ഞാണ് സാമൂഹിക പ്രവർത്തകനായ ഹുസൈൻ ദവാദ്മി വിഷയത്തിൽ ഇടപെട്ടത്. അപകടത്തിൽ മരണപ്പെട്ട സ്വദേശികൾക്ക് നഷ്ടപരിഹാരമായ ഏകദേശം 50 ലക്ഷം ഇന്ത്യൻ രൂപ നൽകാൻ കഴിയാതെ മൂന്നു വർഷമായി ജയിലിൽ കഴിയുകയായിരുന്നു വിപിൻ. നിസ്സഹായാവസ്ഥ മനസ്സിലാക്കിയ സാമൂഹിക പ്രവർത്തകനായ ഹുസൈൻ സ്വന്തം ആൾ ജാമ്യത്തിൽ വിപിനെ മോചിപ്പിക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ വിപിൻ പെയിൻറിങ് പണിക്കും മറ്റു ചെറിയ ജോലികൾക്കും പോകുന്നുണ്ടെങ്കിലും കോടതി വിധിച്ച തുക നൽകാനോ രാജ്യം വിട്ടു പുറത്തു പോകാനോ കഴിയാത്ത അവസ്ഥയിലാണ്.

ഇതിനിടയിലാണ് ജാമ്യം നിന്ന ഹുസൈനും ഇപ്പോൾ നാട്ടിലേക്ക് പോകാൻ പോലും സാധിക്കാത്ത നിലയിൽ കുരുക്കിൽ പെട്ടത്. യാത്രാ വിലക്കുള്ളതിനാൽ ഇതിൽ തീരുമാനമാകാതെ ഇദ്ദേഹത്തിന് സഊദിക്ക് പുറത്തേക്ക് കടക്കാൻ സാധിക്കില്ല. ഏക മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതെ യാത്രവിലക്ക് കാരണം പ്രയാസപ്പെടുന്ന ഹുസൈൻ ഇന്ത്യൻ എംബസിയെ പല തവണ ഈ വിഷയം ബോധിപ്പിച്ചിരുന്നുവെങ്കിലും വിഷയത്തിൽ അനുകൂല നടപടികൾ ഇത് വരെ ഉണ്ടായിട്ടില്ല. യാത്രവിലക്ക് ഒഴിവായി കിട്ടാൻ ഇന്ത്യൻ എംബസിയും നോർക്കയും അടിയന്തരമായി ഇടപെടണമെന്നാണ് ഇപ്പോൾ ഹുസൈൻ ആവശ്യപ്പെടുന്നത്. കൊവിഡ് ബാധിച്ചു മരണപ്പെട്ട നിരവധി മലയാളികളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് ഉൾപ്പെടെ നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾക്ക് മുന്നിട്ട് നിന്ന ഹുസൈൻ സർക്കാറിെൻറ ഭാഗത്തു നിന്ന് അനുകൂലമായ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്.