കോഴിക്കോട്: കേന്ദ്ര സർക്കാർ നൽകുന്ന കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിലെ ക്യൂആർ കോഡ് പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. സാധാരണ രീതിയിൽ വെരിഫൈ ചെയ്യാൻ കഴിയുന്ന ക്യൂ ആർ കോഡ് കൊടുക്കുന്നതിനു പകരം കൂടുതൽ സുരക്ഷിതമായി നൽകുന്നുവെന്ന് വരുത്തി തീർക്കാൻ ഏർപ്പെടുത്തിയ ക്യൂ ആർ കോഡ് ആണ് ഇപ്പോൾ വിനയായിരിക്കുന്നത്. കേരള സർക്കാരിന്റെതടക്കം സമാന രീതിയിൽ സർട്ടിഫിക്കറ്റുകളിൽ സാധാരണ ഉപയോഗിക്കുന്ന ക്യൂ ആർ കോഡ് നൽകുന്നതിന് പകരം ഇത്തരത്തിലുള്ള ക്യൂ ആർ കോഡ് നൽകിയതോടെ സാധാരണ സ്‌കാനിങ് സംവിധാനത്തിൽ കേന്ദ്ര സർക്കാരിന്റെ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യാൻ പറ്റാത്തതാണ് ഇവിടെ പ്രശ്‌നമാകുന്നത്.
ഇത് മൂലമാണ് സഊദി ആരോഗ്യ മന്ത്രാലയത്തിൽ രജിസ്‌ട്രേഷൻ പൂർത്തീകരിക്കാൻ സഊദി പ്രവാസികൾ ശ്രമിക്കുമ്പോൾ തള്ളിപ്പോകാൻ കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം, തവക്കൽന അപ്‌ഡേറ്റ് ചെയ്യപ്പെട്ട അപൂർവ്വം ആളുകൾക്ക് കേരള സർക്കാർ സർട്ടിഫിക്കറ്റ് വെച്ചാണ് ലഭ്യമായതെന്നതും ഈ സംശയം ബലപ്പെടുത്തുന്നുണ്ട്.
സാധാരണ നിലയിൽ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യാനുള്ള ക്യൂ ആർ കോഡ് റീഡറിൽ കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റ് സ്കാൻ ചെയ്യാൻ സാധിക്കുന്നില്ല. ഇതിനായി കേന്ദ്ര സർക്കാരിന്റെ കോവിൻ സൈറ്റിലെ തന്നെ https://verify.cowin.gov.in/ എന്ന പ്രത്യേക ലിങ്കിൽ പോയി മാത്രമേ വെരിഫിക്കേഷൻ നടത്താൻ പറ്റൂ. ഇക്കാര്യം ക്യൂ ആർ കോഡിന്റെ താഴെ രേഖപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ ഈ പരിശോധനക്ക് സാധാരണ രീതിയിൽ ഉദ്യോഗസ്ഥന്മാർ തുനിയുകയില്ല. കേന്ദ്ര സർക്കാരിന്റെ https://verify.cowin.gov.in/ ലിങ്കിൽ പോയി അതിലെ സ്‌കാൻ സെക്ഷൻ ഓൺ ചെയ്യുമ്പോൾ തുറക്കുന്ന ക്യാമറ വഴി മാത്രം സ്കാൻ ചെയ്‌താൽ മാത്രമേ സർട്ടിഫിക്കറ്റ് വിവരങ്ങൾ ലഭ്യമാകുകയുള്ളൂ. ഇത് വളരെ ത്യാഗം പിടിച്ച പരിശോധന ആണെന്നതിനാൽ ആരും തന്നെ ഈ പരിശോധനക്ക് മുതിരുകയില്ലെന്നതും അതിനാലാണ് അറ്റസ്റ്റ് ചെയ്യണമെന്ന നിർദ്ദേശത്തോടെ സഊദി ആരോഗ്യ മന്ത്രാലയം തള്ളുന്നതെന്നുമാണ് ഇപ്പോൾ നിഗമനത്തിനിലെത്തിയിരിക്കുന്നത്.

അതേസമയം, കേരള സർക്കാരിൻറെ വാക്‌സിൻ സർട്ടിഫിക്കറ്റ് വളരെ ഈസിയായി ക്യൂ ആർ കോഡ് റീഡർ ഉപയോഗിച്ച് പരിശോധിക്കാൻ കഴിയും. ഇത് പരിശോധകർക്ക് വളരെ എളുപ്പം നൽകുന്നതോടൊപ്പം പെട്ടെന്ന് തന്നെ വെരിഫിക്കേഷൻ പൂർത്തീകരിക്കാനുമാകും. നിലവിൽ അറ്റസ്റ്റേഷൻ കൂടാതെ തന്നെ തവക്കൽന അപ്‌ഡേറ്റ് ചെയ്യപ്പെട്ടവരിൽ ബഹു ഭൂരിഭാഗവും കേരള സർക്കാരിന്റെ സർട്ടിഫിക്കറ്റ് ഉപയോഗിച്ചവരാണ് എന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. സുരക്ഷിതമായ ക്യൂ ആർ കോഡ് ഉപയോഗിക്കുന്ന സഊദി സർക്കാർ നൽകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പോലും വളരെ ഈസിയയായി സ്കാൻ ചെയ്യാമെന്നിരിക്കെ കേന്ദ്ര സർക്കാരിന്റെ അതീവ സുരക്ഷിതമായ ഈ സംവിധാനം കൊണ്ട് ദുരിതമാണ് പ്രവാസികൾക്ക് ഇപ്പോൾ സമ്മാനിക്കുന്നത്.
മൊബൈലിലെ സമാന ക്യൂ ആർ സ്കാനർ ഉപയോഗിച്ചാൽ കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റിൽ വിവരങ്ങൾ ലഭ്യമാകുന്നില്ലെന്നത് പോലെ തന്നെയാണ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ക്യൂ ആർ കോഡ് റീഡർ ഉപയോഗിച്ച് സ്‌കാൻ ചെയ്‌താലും സംഭവിക്കുന്നത്. അതിനാൽ തന്നെ ഇത് ഒറ്റയടിക്ക് തന്നെ നിരസിക്കാൻ കാരണമാകുന്നുണ്ട്.