റിയാദ്: ഇന്ത്യക്കാർക്ക് സന്ദർശക വിസ അനുവദിക്കുമെന്ന ഖത്തറിന്റെയും മാലിദ്വീപിന്റെയും തീരുമാനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് സഊദി പ്രവാസികൾ. ജൂലൈ പതിനഞ്ച് മുതൽ ഇന്ത്യക്കാർക്ക് സന്ദർശക വിസ അനുവദിക്കുമെന്ന് മാലിദ്വീപ് തീരുമാനം പുറത്തു വന്നതിനു പിന്നാലെ ഖത്തറിലേക്ക് വാക്‌സിനെടുത്ത ഇന്ത്യക്കാർക്ക് സന്ദർശക വിസയിലടക്കം പ്രവേശനം അനുവദിക്കുമെന്ന തീരുമാനവും വന്നതോടെ ഏറെ പ്രതീക്ഷയിലാണ് സഊദി പ്രവാസികൾ. നിലവിൽ ഏറെ ദൂരെയുള്ള വിവിധ രാജ്യങ്ങൾ ചുറ്റിത്തിരിഞ്ഞ് കഷ്ടതകൾ സഹിച്ചാണ് സഊദിയിലേക്ക് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ എത്തിച്ചേരുന്നത്. എന്നാൽ, ഇന്ത്യക്ക് സമീപമുള്ള മാലിദ്വീപ് അനുമതിക്ക് പിറകെ ജിസിസി രാജ്യമായ ഖത്തറിലേക്ക് ഇന്ത്യൻ സന്ദർശക വിസക്കാർക്ക് കൂടി പ്രവേശനം നൽകുമെന്ന പ്രഖ്യാപനം വന്നതോടെ ഈ വഴി സഊദി പ്രവേശന സാധ്യത തുറന്നിരിക്കുകയാണ്.
മാലിദ്വീപിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളും ജൂലൈ 15 മുതൽ അന്താരാഷ്ട്ര യാത്രയ്ക്കായി തുറന്നു പ്രവർത്തിക്കുമെന്ന് സിവിൽ ഏവിയേഷൻ അറിയിച്ചിട്ടുണ്ട്. കൊവിഡ് -19 വ്യാപിക്കുന്നതിനെതിരെ മുൻകരുതൽ നടപടികളോടെയായിരിക്കും അതിർത്തികൾ തുറക്കുന്നതെന്നും യഥാസമയം അവലോകനം ചെയ്യുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. അതേസമയം ഇന്ത്യയുൾപ്പെടെ സൗത്ത് ഏഷ്യൻ രാജ്യക്കാർക്ക് മാലിദ്വീപിലെ ജനവാസ മേഖലകളിൽ താമസം അനുവദിക്കുകയില്ല. ടൂറിസ്റ്റ് റിസോർട്ടുകളിൽ ആയിരിക്കും അനുവദിക്കുക. ഇത് ചിലവ് അൽപം ഉയർത്താൻ കാരണമാകുമെങ്കിലും സഊദി പ്രവാസികൾക്ക് ആശ്വാസം തന്നെയാകും.
നിലവിൽ ഖത്തറിൽ നിന്ന് സഊദിയിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. കര മാർഗ്ഗവും വ്യോമ മാർഗ്ഗവും സഊദിയിലേക്കും തിരിച്ചും യാത്ര ചെയ്യാം. ഇതോടൊപ്പം ഖത്തറിലേക്ക് ഇന്ത്യക്കാർക്ക് സന്ദർശക വിസ ലഭ്യമാകുകയും ചെയ്യുന്നതോടെ ഖത്തറിലെത്തി സഊദിയിലേക്ക് കര, വ്യോമ മാർഗ്ഗങ്ങൾ വഴി പ്രവേശിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് സഊദി പ്രവാസികൾ. ഖത്തറിലേക്ക് വിസിറ്റിംഗ് വിസയിൽ പോയി 14 ദിവസം കഴിഞ്ഞ് സൗദിയിലേക്ക് പോകൽ വളരെ എളുപ്പമാണെന്നതാണു വലിയ പ്രതീക്ഷ നൽകുന്നത്. അതോടൊപ്പം വാക്സിനെടുത്തവർക്ക് ഖത്തറിൽ ഹോട്ടൽ ക്വാറൻ്റീൻ ആവശ്യമില്ലെന്നത് ചെലവ് കുറക്കുന്നതിനും സഹായകരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
നിലവിൽ സഊദി അംഗീകരിച്ച ഫൈസര്‍ ബയോണ്‍ടെക്, മോഡേണ, ഓക്‌സ്‌ഫോർഡ് ആസ്ത്രാസെനിക കൊവിഷീല്‍ഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിനുകൾ തന്നെയാണ് ഖത്തറും അംഗീകരിച്ചിരിക്കുന്നതും എന്നതും അനുകൂല ഘടകമാണ്. ഇതിനു പുറമെ സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകള്‍ക്കും ഉപാധികളോടെ ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ രണ്ടു വാക്‌സിനുകൾ എടുത്തവർ ഖത്തറിലെത്തിയാല്‍ ആന്റിബോഡി പരിശോധനയ്ക്ക് വിധേയരാകരണം. ആന്റിബോഡി പോസിറ്റീവ് ആയാല്‍ ക്വാറന്റീന്‍ ആവശ്യമില്ല. നെഗറ്റീവ് ആണെങ്കില്‍ വരുന്ന രാജ്യത്തിന് അനുസരിച്ചുള്ള ക്വാറന്റീന്‍ നിയമങ്ങള്‍ ബാധകമാണ്.
കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങളെ ഗ്രീന്‍, യെല്ലോ, റെഡ് എന്നിങ്ങനെ മൂന്ന് കാറ്റഗറികളായി തിരിച്ചും രോഗപ്രതിരോധം കൈവരിച്ചതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വിഭാഗങ്ങളായി തിരിച്ചുമാണ് ഖത്തർ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നത്. ഇന്ത്യയെ റെഡ് കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങള്‍ മുഴുവന്‍ യെല്ലോ കാറ്റഗറിയിലാണ്.