വാക്‌സിൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ; 4,900 മുതൽ പതിനായിരത്തിനു മുകളിൽ വരെ ഫീസ്

പ്രവാസികളുടെ ദുരിതം ചൂഷണം ചെയ്‌ത്‌ ട്രാവൽസ് ഏജൻസികൾ

0
3603

കോഴിക്കോട്: സഊദി പ്രവാസികളുടെ നിസഹായാവസ്ഥ ചൂഷണം ചെയ്‌ത്‌ ഏതാനും ട്രാവൽസുകൾ. ഏത് വിധേനയെങ്കിലും ജോലിസ്ഥലത്തേക്ക് തിരിച്ചെത്തിയാൽ മതിയെന്ന പ്രാർത്ഥനയിൽ വിവിധ വാതിലുകൾ മുട്ടി മനം മടുത്ത് മാനസികമായി തളർന്നിരിക്കുന്നവരെയാണ് ട്രാവൽസ് ഏജൻസികൾ ചൂഷണം ചെയ്യുന്നത്. ഒട്ടു മിക്ക ട്രാവൽസുകളും മാന്യമായ ഇടപാടുകളും മെച്ചപ്പെട്ട സേവനങ്ങളും നൽകുമ്പോൾ വിരലിലെണ്ണാവുന്ന ചില ഏജൻസികളാണ് പ്രവാസികളെ ചൂഷണം ചെയ്‌തു മുതലെടുക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വാക്‌സിൻ സർട്ടിഫിക്കറ്റ് അറ്റസ്റേഷന് ഈടാക്കുന്ന ഭീമമായ തുക.

നിലവിൽ സഊദിയിലേക്ക് വരേണ്ട, ലീവിന് പോയ പ്രവാസികളാണ് വിവിധ കാര്യങ്ങൾക്കായി കൂടുതൽ നെട്ടോട്ടമോടുന്നത്. തവക്കൽന അപ്‌ഡേറ്റ് ചെയ്യുന്നതിനായി പലർക്കും രജിസ്‌ട്രേഷൻ ചെയ്യുമ്പോൾ അറ്റസ്റ്റേഷൻ വേണമെന്ന സന്ദേശത്തോടെ തള്ളാൻ തുടങ്ങിയതോടെയാണ് ഇതിനായി പലരും ശ്രമം തുടങ്ങിയത്. എന്നാൽ, ഇക്കാര്യത്തിൽ ഇത് വരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എങ്കിലും, ഇത് വേണമെന്ന സാഹചര്യം മുതലെടുത്താണ് ട്രാവൽസുകൾ കിട്ടുന്ന പോലെ പണം ഈടാക്കുന്നത്. 4,900 രൂപക്ക് കൊവിഡ് സർട്ടിഫിക്കറ്റ് ചില ട്രാവൽസുകൾ അറ്റസ്റ്റ് ചെയ്‌തു കൊടുക്കുമ്പോൾ ചില ഏജൻസികൾ പതിനായിരം രൂപക്ക് മുകളിൽ വരെ ഈടാക്കുന്നുണ്ട്. എന്നാൽ, നിർബന്ധിതാവസ്ഥ ഓർത്ത് പ്രവാസികൾ ഇത് നൽകാൻ ബാധ്യസ്ഥനായി വരികയാണ്. ചില പ്രവാസികൾ മറ്റിടങ്ങളിലൊന്നും അന്വേഷിക്കാതെ കേൾക്കുമ്പോൾ തന്നെ പണം കൊടുത്ത് ഇതിനായി ശ്രമിക്കുകയും ചെയുന്നു.

സഊദിയിലേക്ക് വിവിധ രാജ്യങ്ങൾ വഴി പാക്കേജുകൾ പ്രഖ്യാപിച്ച് പണം നൽകിയ ശേഷം ഏതെങ്കിലും കാരണത്താൽ യാത്ര മുടങ്ങിയാൽ പണം നഷ്ടമാകുന്ന അവസ്ഥ നില നിൽക്കുന്നുണ്ട്. ഇവിടെയും ചില ട്രാവൽസുകൾ കഴുത്തറുപ്പൻ ഫീസ് ഈടാക്കുന്നുണ്ടെന്നതും ദുഖകരമാണ്. പാക്കേജുകൾ തിരഞ്ഞെടുക്കും മുമ്പ് വ്യക്തമായി അന്വേഷിക്കുകയും നേരത്തെ സഊദിയിൽ എത്തിയവരുടെ ബന്ധപ്പെട്ട് ട്രാവൽസിന്റെ കുറിച്ചും സർവ്വീസിനെ കുറിച്ചും ബോധ്യപ്പെട്ടതിനു ശേഷം പാക്കേജുകളും അറ്റസ്റ്റേഷൻ പോലെയുള്ള കാര്യങ്ങളും തിരഞ്ഞെടുത്താൽ ഇത്തരം തട്ടിപ്പുകളിൽ നിന്ന് ഒരു പരിധി വരെ പ്രവാസികൾക്ക് രക്ഷപ്പെടാൻ സാധിക്കും.