റിയാദ്: ഓപ്പറേഷൻ, മെയിന്റനൻസ് മേഖലയിലെ സഊദിവത്കരണവുമായി ബന്ധപ്പെട്ട സ്വദേശികളുടെ ശമ്പളം നിശ്ചയിച്ചു. സീനിയർ മാനേജ്‌മെന്റ് തസ്തികകളിൽ ജോലി ചെയ്യുന്ന സഊദി പുരുഷന്മാർക്കും സ്ത്രീകൾക്കും കുറഞ്ഞ ശമ്പളം 9,000 റിയാൽ ആയാണ് നിശ്ചയിച്ചതെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും വ്യക്തമാക്കി.ഈ മേഖലയിലെ മുനയോഗ്യതയുടെ അടിസ്ഥാനത്തിൽ ശമ്പള സ്കെയിൽ വർദ്ധിപ്പിക്കുകയും വേണമെന്നും നിർദേശമുണ്ട്. പൊതു സ്ഥാപനങ്ങളിലെ ഓപ്പറേഷൻ, മെയിന്റനൻസ് കരാറുകൾക്കായുള്ള സഊദിവത്കരണ നിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എഞ്ചിനീയറിംഗ്, സ്പെഷ്യലിസ്റ്റ് പ്രൊഫഷണലുകൾക്കുള്ള ഏറ്റവും കുറഞ്ഞ ശമ്പളം 8,400 റിയാൽ ആയും സൂപ്പർവൈസറി തസ്തികകളിൽ 7,000 റിയാൽ ആയുമായാണ് നിശ്ചയിച്ചിരിക്കുന്നത്. ഓരോ തൊഴിലിലെയും സഊദി ജീവനക്കാർക്ക് മിനിമം ശമ്പളം നിർണ്ണയിക്കാനും കരാറുകാരൻ മിനിമം ശമ്പളം നൽകുന്നത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കോമ്പറ്റിഷൻ ബ്രോഷറും ലഭ്യമാകും. ഓപ്പറേഷൻ, മെയിന്റനൻസ് മേഖലയിലെ തൊഴിൽ നിലകൾ ഓരോ ലെവലിനും ആവശ്യമായ മിനിമം യോഗ്യതകളും പരിചയവും അനുസരിച്ച് ആറ് ലെവലുകളായാണ് തിരിച്ചിരിക്കുന്നത്. അതേസമയം പൊതുസ്ഥാപനത്തിൽ ഇത് സീനിയർ മാനേജ്‌മെന്റ് തലത്തിൽ മാത്രമാണ്. പ്രോജക്റ്റ് മാനേജർ അല്ലെങ്കിൽ അസിസ്റ്റന്റ് പ്രോജക്ട് മാനേജർ പോലുള്ള പ്രോജക്റ്റിന്റെ സാങ്കേതികവും ഭരണപരവുമായ വശങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തമുള്ള നേതൃത്വ സ്ഥാനങ്ങൾ മാത്രമാണ് ഇതിൽ ഉൾപ്പെടുക..
എഞ്ചിനീയറിംഗ്, സ്പെഷ്യലൈസ്ഡ് മേഖലകളിലെ പ്രൊഫഷണലുകളുടെ ക്ലാസിഫിക്കേഷനും ഗൈഡിൽ വ്യക്തമാക്കുന്നുണ്ട്. എഞ്ചിനീയർമാർ, സ്പെഷ്യലിസ്റ്റുകൾ തുടങ്ങിയ അതേ മേഖലയിൽ ഒരു യൂണിവേഴ്സിറ്റി ബിരുദം നേടി തൊഴിലാളികൾക്ക് ഈ മേഖലയിൽ ജോലിയിൽ പ്രവേശിക്കാൻ കഴിയും.
ഇലക്ട്രിക്കൽ, ക്വാളിറ്റി, ഇൻഫർമേഷൻ ടെക്നോളജി, മറ്റ് മേഖലകൾ എന്നിവയിൽ അതത് മേഖലകളിൽ അക്കാദമിക് ബിരുദം നേടിയവർക്കും തൊഴിലിൽ പ്രവേശിക്കാനാകും. പുതിയ നീക്കം ആയിരക്കണക്കിന് വിദേശികളെ ബാധിക്കുമെന്നാണ് കണക്കുകൾ.




