റിയാദ്: ഈ വർഷത്തെ വാർഷിക നൂർ റിയാദ് ഉത്സവ വേളയിൽ പ്രദർശിപ്പിച്ച കലാസൃഷ്ടികൾ ഗിന്നസ് റെക്കോർഡിലേക്ക്. പോളിഷ് ആർട്ടിസ്റ്റ് കരോലിന ഹാലറ്റെക്കിന്റെ ബീക്കൺ ”ഏറ്റവും വലിയ എൽഇഡി (ലൈറ്റ് എമിറ്റിംഗ് ഡയോഡ്) ഘടനയുടെ റെക്കോർഡ് തകർത്തപ്പോൾ ബെൽജിയൻ ആർട്ടിസ്റ്റ് കൊർട്ട് വെർമുലന്റെ “സ്റ്റാർ ഇൻ മോഷൻ” ഏറ്റവും തിളക്കമുള്ള അലങ്കാരത്തിനുമാണ് ലോക റെക്കോർഡ് കരസ്ഥമാക്കിയത്.
മാർച്ച് 18 നും ഏപ്രിൽ 3 നും ഇടയിൽ കിംഗ് അബ്ദുൽ അസീസ് ചരിത്ര കേന്ദ്രത്തിൽ പ്രദർശിപ്പിച്ചിരുന്ന ഏറ്റവും വലിയ എൽഇഡി (ലൈറ്റ് എമിറ്റിംഗ് ഡയോഡ്) 272,160 എൽഇഡികൾ ഉൾപ്പെടുത്തിയാണ് നിർമ്മിച്ചിരുന്നത്. കിങ്‌ഡം ടവറിൽ സ്ഥാപിച്ചിരുന്ന “സ്റ്റാർ ഇൻ മോഷൻ” 256 മീറ്റർ ഉയരത്തിൽ 1.2 ദശലക്ഷം ല്യൂമെൻ ലാമ്പുകൾ ഉപയോഗിച്ചുമാണ് നിർമ്മിച്ചിരുന്നത്.

കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ (കെഎഎഫ്‌ഡി) 1960 മുതൽ ലൈറ്റ് ആർട്ട് ചിത്രീകരിക്കുന്ന എക്സിബിഷനിൽ സഊദി, അന്താരാഷ്ട്ര കലാകാരന്മാർ പങ്കെടുക്കാറുണ്ട്. ഈ വർഷം മാർച്ച് മുതൽ ജൂൺ വരെ നടന്ന നൂർ റിയാദിൽ നഗരത്തിലുടനീളം നിരവധി ഇൻസ്റ്റാളേഷനുകളും കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് കോൺഫറൻസ് സെന്ററിലെ ലൈറ്റ് ഓൺ ലൈറ്റ് എക്സിബിഷൻ ഉൾപ്പെടെ നിരവധി പരിപാടികളും ഉണ്ടായിരുന്നു. 20 ലധികം രാജ്യങ്ങളിൽ നിന്നുള്ള 60 ലധികം കലാകാരന്മാരുടെ സൃഷ്ടികൾ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നഗരത്തിലുടനീളം 13 സ്ഥലങ്ങളിൽ ടൂറുകൾ, സംഗീത, സിനിമാറ്റിക് പ്രകടനങ്ങൾ, വെർച്വൽ ചർച്ചകൾ, വർക്ക് ഷോപ്പുകൾ, കുടുംബ പ്രവർത്തനങ്ങൾ എന്നിവയും ഉൾപ്പെട്ടിരുന്നു. 200 ലധികം വോളന്റിയർമാർക്ക് ക്രിയേറ്റീവ് രംഗത്ത് പ്രൊഫഷണൽ അനുഭവം നേടാനുള്ള അവസരവും ഇത് നൽകി. ലൈറ്റ് ഓൺ ലൈറ്റ് എക്സിബിഷൻ സന്ദർശിച്ച 12,000 ത്തിലധികം പേർ ഉൾപ്പെടെ 300,000 ൽ അധികം ആളുകൾ മേളയിൽ പങ്കെടുത്തതായാണ് കണക്കുകൾ.