ഹജ്ജിനെ വരവേൽക്കാൻ ഒരുങ്ങി; വിശുദ്ധ കഅ്ബയുടെ കിസ്‌വ ഉയർത്തിക്കെട്ടി

0
944

മക്ക: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് ഒരുങ്ങി വിശുദ്ധ കകഅ്ബയുടെ കിസ്‌വ ഉയർത്തികെട്ടി. എല്ലാ വർഷവും ഹജ്ജിനെത്തുന്ന ഹാജിമാരുടെ തിരക്ക് കണക്കിലെടുത്താണ് ഈ സമയങ്ങളിൽ കഅ്ബാലയത്തിന്റെ കിസ്‌വ സുരക്ഷയുടെ ഭാഗമായി ഉയർത്തി കെട്ടാറുള്ളത്. ഇതിന്റെ ഭാഗമായാണ് ഈ വർഷവും ഹാജിമാർ വളരെ വിരളമാണെങ്കിലും പതിവ് പാലിച്ച് തറ നിരപ്പിൽ നിന്നും മൂന്നു മീറ്റർ ഉയരത്തിൽ കിസ്‌വ ഉയർത്തി കെട്ടിയത്.

കിസ്‌വ ഉയർത്തി കെട്ടിയ കഅ്ബയുടെ ഭാഗം രണ്ടു മീറ്റർ ഉയരത്തിൽ തൂവെള്ള പട്ടു തുണി കൊണ്ട് മറച്ചിട്ടുമുണ്ട്. ഹറം കാര്യ വകുപ്പിലെയും കിസ്‌വ നിർമ്മാണ ഫാക്റ്ററിയിലെയും ജോലിക്കാർ മണിക്കൂറുകൾ സമയമെടുത്താണ് കിസ്‌വ ഉയർത്തി കെട്ടിയത്.

തിരക്ക് കൂടുമ്പോൾ ഹാജിമാർ പിടിച്ചു വലിച്ചു കിസ്‌വക്കു കേടു പാടുകൾ സംഭവിക്കുമെന്ന് കണക്കാക്കിയാണ് വർഷം തോറും ഹജ്ജ് സമയത്ത് കിസ്‌വ ഉയർത്തി വെക്കുന്നത്. ഹജ്ജ് തീർത്ഥാടകർ അറഫയിൽ സമ്മേളിക്കുന്ന ദിനത്തിൽ പഴയ കിസ്‌വ മാറ്റി പുതിയത് അണിയിക്കും. പുതിയത് അണിയിച്ചാലും അതിന്റെ ഭാഗം കേടു വരാതിരിക്കാനായി ഉയർത്തി വെക്കും. പിന്നീട് മുഹറം പകുതിക്കു ശേഷമേ സാധാരണ നിലയിൽ താഴ്ത്തിയിടുകയുള്ളൂ. ഹജ് തീർഥാടകർ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകേണ്ട അവസാന ദിവസം മുഹറം 15 ആണ്.

തീർത്ഥാടകർ പോകുന്നതോടെ മക്കയും കഅ്ബയുടെ പരിസരങ്ങളും സാധാരണ നിലയിലേക്ക് എത്തുന്നതിനാലാണിത്. ഈ വർഷം സഊദിക്കകത്ത് നിന്നുള്ള വിദേശികൾ ഉൾപ്പെടെ അറുപതിനായിരം ഹാജിമാർ മാത്രമാണ് പങ്കെടുക്കുക. ഇവരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.