ജിസാൻ: ഒന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദാറുൽഹികം ജിസാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്തഫ ദാരിമി മേലാറ്റൂരിന് സ്നേഹോഷ്മളമായ യാത്ര അയപ്പ് നൽകി.
ദാറുൽഹികം ഇസ്‌ലാമിക് സെന്റർ ജിസാൻ ചാപ്റ്റർ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ സംഗമം മലപ്പുറം ജില്ലാ ‘സമസ്ത ജനറൽ സെക്രട്ടറി പുത്തനഴി ഇ . മൊയ്തീൻ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസി: കെ.ബീരാൻ ഫൈസി പുത്തനഴി അദ്ധ്യക്ഷത വഹിച്ചു. നാടും കൂടും വിട്ട് ഭൗതിക സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ വിദേശ രാജ്യങ്ങളിലേക്ക് പാലായനം ചെയ്ത പ്രവാസികൾ സമയബന്ധിതമായ തൻ്റെ ജോലിക്കിടയിലും കിട്ടുന്ന ഒഴിവ് സമയങ്ങൾ സമൂഹത്തിനും, നാടിനും, മത-ഭൗതിക വിദ്യാഭ്യാസ സംരഭങ്ങൾക്കും വേണ്ടി ചെയ്യുന്ന സേവനങ്ങളാണ് കേരളത്തിലെ വൈജ്ഞാനിക മുന്നേറ്റത്തിന് എന്നും സഹായമായിട്ടുള്ളതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മൊയ്തീൻ ഫൈസി സൂചിപ്പിച്ചു.
എസ്.ഐ.സി ജിസാൻ പ്രൊവിൻസ് പ്രസിഡൻ്റ്, കെ എം സി സി സെൻട്രൽ കമ്മിറ്റി വൈ :പ്രസിഡൻ്റ്, എസ് യു എം മദ്രസ പ്രധാനാദ്ധ്യപകൻ ,ചെമ്മാട് ദാറുൽഹുദാ കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു വരുന്നു. മത- സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് ജിസാനിലെ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച് മുന്നേറുന്നതിടെയാണ് മുസ്തഫ ദാരിമിയുടെ തിരിച്ച് പോക്ക്. ദാരിമിയുടെ പോക്ക് ഇവിടെയുള്ളവർക്ക് കടുത്ത നഷ്ടമാണെന്ന് സഹപ്രവർത്തകർ പറഞ്ഞു.
ഒഴിവ് വരുന്ന ദാറുൽഹികം കമ്മിറ്റി ജന:സെക്രട്ടറി സ്ഥാനത്തേക്ക് ശിഹാബ് ബാലയിൽ വേങ്ങൂരി നെയും, വർ കിംഗ് സെക്രട്ടറിയായി നൗഫൽ ഉമ്മാടൻ ഉച്ചാരക്കടവിനെയും തെരഞ്ഞെടുത്തു. കോ: ഓഡിനേറ്റർമാരായി ഹമീദ് മണലായ, ലതീഫ് ചേളാരി, അനീസ് വെള്ളേരി, സ്വാലിഹ് ചെമ്മാട് എന്നിവരെയും തെരഞ്ഞെടുത്തു.
ടി.എച്ച്. ദാരിമി, ശംസു പൂക്കോട്ടൂർ , മുനീർ ഹുദവി ഉള്ളണം, ഹാരിസ് കല്ലായ്, ഹമീദ് മണലായ, പി എ സലാം പെരുമണ്ണ ,ജസ്മൽ വളമംഗലം
സംസാരിച്ചു ,മുസ്തഫ ദാരിമി മറുപടി പ്രസംഗം നടത്തി. ശിഹാബ് വേങ്ങൂർ സ്വാഗതവും അനീസ് വെള്ളേരി നന്ദിയും പറഞ്ഞു.