സഊദിയിലെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് അടുത്ത മാസം

ഫാമിലി അഫയേഴ്സ് കൗൺസിൽ നിർദേശങ്ങൾ പാലിക്കാം

0
1830

റിയാദ്: വർഷത്തെ രാജ്യത്തെ ഉയർന്ന ചൂട് അടുത്ത മാസം ഓഗസ്റ്റിൽ ആയിരിക്കുമെന്ന് നാഷണൽ മീറ്റിരിയോളജി സെന്റർ വെളിപ്പെടുത്തി. റിയാദിൽ ആഗസ്റ്റ് മാസം കടുത്തതായിരിക്കും. ഇവിടെ ശരാശരി താപനില 29.2 ഡിഗ്രിക്കും 43.6 ഡിഗ്രിക്കും ഇടയിലായിരിക്കും.

അതേസമയം, വേനൽക്കാലത്ത് ഉയർന്ന താപനിലയിൽ നിന്ന് സംരക്ഷിക്കുന്നതിന് ഫാമിലി അഫയേഴ്സ് കൗൺസിൽ വിവിധ നിർദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. കൂടുതൽ വെള്ളം കുടിക്കുക, ചൂട് ഉൽപാദിപ്പിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുക, വീടിന്റെ പരിസരങ്ങളിലെ സാധ്യമായ ഇടങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുക, സൺസ്ക്രീൻ ഉപയോഗിക്കുക, തല മൂടുക, സൺഗ്ലാസ് ധരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് കൗൺസിൽ മുന്നോട്ട് വെച്ചത്.

ഇത് വരെ രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയിൽ ജിദ്ദ നഗരമാണ് മുന്നിൽ. 2010 ൽ ഇവിടെ 52.3 ഡിഗ്രി വരെ ചൂട് ഉയർന്നതായാണ് കണക്കുകൾ. അതേ വർഷം തന്നെ 53.5 ഡിഗ്രി ചൂട് അനുഭവപ്പെട്ട പാകിസ്ഥാൻ നഗരമായ മൊഹൻജൊദാരോ ആയിരുന്നു ഒന്നാമത്.