സഊദിയിൽ ഐ എസ് ഭീകരന്റെ വധശിക്ഷ നടപ്പാക്കി

0
1600

റിയാദ്: സഊദിയിൽ ഐ എസ് ഭീകരന്റെ വധശിക്ഷ തബൂക്കിൽ നടപ്പാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ സൈനികൻ അബ്ദുല്ല ബിൻ നാസിർ അൽറശീദിയെ കൊലപ്പെടുത്തിയ സഊദി പൗരനായ ഹായിൽ ബിൻ സഅൽ ബിൻ മുഹമ്മദ് അൽഅതവിയെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.

2016 നവംബർ 20 നായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ മേഖലയിൽ ജോലി ചെയ്യുന്ന അബ്ദുല്ല ബിൻ നാസർ അൽ റഷിദി (25 വയസ്സ്) ജോലിക്ക് പോകുമ്പോൾ അജ്ഞാതന്റെ വെടിയേറ്റ് മരണപ്പെട്ടത്. പിതാവ് നാസർ അൽ റഷിദി തന്റെ മകന് ആരുമായും ശത്രുതയില്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് നവംബർ 23 ന് പ്രതിയെ പിടികൂടുകയും കൊലക്കുപയോഗിച്ച തോക്ക് കണ്ടെത്തുകയും ചെയ്തിരുന്നു.

സൈന്യത്തെ ലക്ഷ്യം വയ്ക്കുക, സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുക, ആശയങ്ങൾ സ്വീകരിക്കുക, നേതാവിനോട് കൂറ് പുലർത്തുക, സംഘടനയുടെ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുക തുടങ്ങിയ കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തിയിരുന്നു.