ജിദ്ദ: കേരളീയ വിദ്യാര്‍ത്ഥികളുടെ ഉപരി പഠനത്തിന് ഉയര്‍ന്ന സാധ്യതയുള്ള യൂറോപ്പിലെ രണ്ട് രാജ്യങ്ങളാണ് ജര്‍മ്മനിയും ആസ്ട്രിയയെന്നും അത് പരമാവധി ഉപയോഗപ്പെടുത്തി മുന്നേറാന്‍ ശ്രമിക്കണമെന്നും ഐക്യ രാഷ്ട്ര സഭയില്‍ ഉന്നത ഉദ്യോഗം വഹിക്കുന്ന, വിദ്യാഭ്യാസ വിചക്ഷണനുമായ അമീര്‍ പിച്ചാന്‍ പറഞ്ഞു. സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) സൂം സെമിനാറില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുറോപ്യൻ ഭാഷകളിലും ഇംഗ്ലീഷിലും വിദ്യാഭ്യാസം നേടുമ്പോൾ ഉള്ള വിത്യാസങ്ങള്‍, ജർമനിയിലെയും ഓസ്ട്രിയയിലേയും പഠന രീതികൾ, സാംസ്കാരികവും സാമൂഹികവുമായ വ്യത്യാസങ്ങൾ, പെരുമാറ്റ രീതികൾ, അപേക്ഷ സമർപ്പിക്കേണ്ട സമയ ക്രമങ്ങൾ തുടങ്ങി വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും അനവധി ചോദ്യങ്ങൾക്കു വിശദമായ മറുപടി അമീർ നൽകി. പോസ്റ്റ് ഗ്രാജേറ്റ്, ഡോക്ടറേറ്റ് തുടങ്ങിയ ഉന്നത പഠനങ്ങള്ള്ക്ക് യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭ്യതാ സാധ്യതകളും അദ്ദേഹം വിശദീകരിച്ചു. കൂടാതെ, മാസം തോറും ഇരുപതു മണിക്കൂറോളം പാര്‍ട്ട് ടൈം ജോലിയിൽ ഏർപ്പെടാൻ വിദ്യാര്‍ത്ഥികളെ ഈ രാജ്യങ്ങള്‍ അനുവദിക്കുന്നു എന്നതിനാൽ ഒരു വിദ്യാർത്ഥിക്ക് തന്റെ ദൈനംദിന ചിലവുകൾ പരാശ്രയം കൂടാതെ നിവൃത്തിക്കാനാവുന്ന സ്ഥിതിവിശേഷവും ഇവിടെങ്ങളിൽ ഉണ്ടെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
വിത്യസ്ത യൂറോപ്യൻ യൂണിവേഴ്സിറ്റികളിൽ ഉന്നത വിദ്യാഭ്യാസം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളായ നസീഫ് ഉമർ, ഹാനിയ ഹബീബ്, അമീൻ അരിമ്പ്ര എന്നി വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ പങ്കു വെച്ചതും അഡ്മിഷന് വേണ്ട നടപടിക്രമങ്ങളും വിശദീകരിച്ചത് ഒരു നവ്യാനുഭവമായി. വിശിഷ്യാ മുൻ സൗദി ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളായതിനാൽ പ്രവാസി വിദ്യാർത്ഥികൾക് വിദേശ സര്‍വകലാ ശാലകളിലേക്ക് കടന്നു ചെല്ലുവാൻ കൂടുതൽ പ്രചോദനം നൽകുന്നതായിരുന്നു അവരുടെ വിവരണം എന്ന് ശ്രോദ്ധാക്കളായ വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.
പരിപാടിയിൽ സിജി ഇന്റർനാഷണൽ ചെയർമാൻ കെ.എം മുസ്തഫ അധ്യക്ഷത വഹിച്ചു, ചീഫ് കോഓർഡിനേറ്റർ റുക്നുദ്ദിൻ അബ്ദുല്ല സ്വാഗതവും വൈസ് ചെയർമാൻ അബ്ദുൽ മജീദ് ഉപസംഹാരവും നടത്തി.
അഹമ്മദ് ഷബീർ, നൗഫൽ ഡി വി, നജീബ് ആരാഞ്ഞിക്കൽ, നൗഷാദ് വി മൂസ, ഹനീഫ് തയ്യിൽ എന്നിവർ നേതൃത്വം നൽകി.