ദുബൈ: പരസ്യം കണ്ട് ചാടിപ്പുറപ്പെടുന്നവർ ഇതൊന്ന് വായിക്കണം. ഏഷ്യൻ യുവാവിന് നഷ്ടമായത് മാനവും പണവുമാണ്. ഫേസ്ബുക്കിലെ പരസ്യം കണ്ട് മസാജിന് ചാടിപ്പുറപ്പെട്ട ഏഷ്യൻ പ്രവാസിക്കാണ് മാനവും കൂട്ടത്തിൽ പണവും നഷ്ടമായത്. സംഭവത്തിൽ യുവാവിന്റെ പരാതിയിൽ രണ്ട് ആഫ്രിക്കൻ പൗരന്മാരെ ദുബയ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏകദേശം 6.5 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് നഷ്ടപ്പെട്ടത്.
ഫേസ്ബുക്കിൽ കണ്ട പരസ്യത്തിൽ കൊടുത്തിരുന്ന നമ്പരിൽ ബന്ധപ്പെട്ട യുവാവിനോട് ഒരു യുവതി ആയിരുന്നു സംസാരിച്ചിരുന്നത്. ഫോണിൽ സംസാരിച്ച സ്ത്രീ യുവാവിന് തന്റെ ഫോട്ടോകളും അയച്ചു നൽകിയിരുന്നു. 300 ദിർഹമായിരുന്നു ഇതിനായി പറഞ്ഞുറപ്പിച്ച ഫീസ്. ഇത് പ്രകാരം യുവതി നൽകിയ വിലാസത്തിലെ അപാർട്ട്മെന്റിൽ എത്തിയപ്പോൾ ഇവിടെ 10 സ്ത്രീകളുണ്ടായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്ന് ആഫ്രിക്കൻ പൗരന്മാരും ചേർന്നാണ് യുവാവിനെ മർദ്ദിച്ച് അവശനാക്കി പണം തട്ടിയത്.
യുവാവിനെ ഭീഷണിപ്പെടുത്തി കാർ പാർക്ക് ചെയ്ത സ്ഥലം ചോദിച്ചറിയുകയും ആഫ്രിക്കൻ പൗരൻ വാഹനത്തിൽ നിന്ന് വിലിപിടിപ്പുള്ള വസ്തുക്കളും പണവും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 32679 ദിർഹവും അപഹരിക്കുകയായിരുന്നു. അപാർട്ട്മെന്റിൽ വച്ച് വിവസ്ത്രനാക്കി ഫോട്ടോ എടുത്ത ശേഷമാണ് സംഘം യുവാവിനെ വിട്ടയച്ചത്.