ജിദ്ദ: സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന വംശീയ വിദ്വേഷത്തിന്റെ പുതിയ പരീക്ഷണ ശാലയായി ലക്ഷദ്വീപിനെ മാറ്റുകയാണെന്നു ജിദ്ദ നവോദയ കേന്ദ്ര കുടുംബ വേദി പ്രസ്താവനയിൽ പറഞ്ഞു. തന്റെ വിശ്വസ്തനായ പ്രഫുൽ പട്ടേലിനെ അഡ്മിനിസ്റ്റേറ്ററായി തിരുകിക്കയറ്റി നരേന്ദ്രമോഡി ലക്ഷ്യം വെക്കുന്നത് ദ്വീപിലെ സാധാരണക്കാരായ മുസ്‌ലിം ഭൂരിപക്ഷത്തെയാണ്. ദ്വീപിലെ സാധാരണക്കാരായ ജനങ്ങളെ ആട്ടിയോടിച്ച് അവിടം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അടിയറ വെയ്ക്കാനാണ് മോഡിയുടെ ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവര്‍, രാഷ്ട്രപിതാവിനെ വെടി വച്ചു കൊന്നവര്‍, ശാന്തമായി ജീവിക്കുന്ന പ്രദേശങ്ങളില്‍ കലാപം സൃഷ്ട്ടിക്കുന്നവര്‍, ബ്രിട്ടീഷുകാരുടെ ഷൂ നക്കി മാപ്പ് പറഞ്ഞ സവര്‍ക്കറുടെ പിന്‍ഗാമികളാണ് ഇപ്പോള്‍ നമ്മെ രാജ്യ സ്നേഹം പഠിപ്പിക്കുന്നത്. നരേന്ദ്രമോഡി യുടെ ഗുജറാത്തിലെ കിരാത വാഴ്ച്ചക്കാലത്ത് അഭ്യന്തര മന്ത്രിയായിരുന്ന പ്രഫുൽ പട്ടേലിനെ ലക്ഷദ്വീപില്‍ നിയമിച്ചത് ഗൂഡ ലക്ഷ്യങ്ങള്‍ വച്ചു കൊണ്ടാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
സംഘ പരിവാര്‍ അജണ്ടയിലെക്കുള്ള വഴി സുഗമമാക്കാന്‍ ദ്വീപിനെ ഒരു തുറന്ന കാരാഗ്രഹമാക്കാന്‍ ശ്രമിക്കുന്ന പുതിയ അഡ്മിനിസ്റ്റേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ തല തിരിഞ്ഞ നയങ്ങള്‍ക്കെതിരെ ലക്ഷദ്വീപില്‍ ഉയര്‍ന്ന് വരുന്ന പോരാട്ടങ്ങള്‍ക്ക് പിന്തുണയേകുന്ന യുവചലച്ചിത്ര പ്രവര്‍ത്തകയും എഴുത്തുകാരിയും അക്ടിവിസ്റ്റുമായ ഐഷ സുല്‍ത്താനയെ രാജ്യദ്രോഹ കേസില്‍ ഉള്‍പെടുത്തി തടങ്കലിലാക്കാന്‍ ശ്രമിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് തന്നെയാണ്. ഒരു സ്വകാര്യ ചാനലിലെ ചര്‍ച്ചക്കിടെ ദ്വീപിലെ പുതിയ അഡ്മിനിസ്റ്റേറ്ററുടെ നടപടികളെ ജൈവായുധ പ്രയോഗമെന്ന് പരാമര്‍ശിച്ചതിനാണ് പ്രതികാരം. കോവിഡ് പ്രൊട്ടോക്കോളില്‍ ഇളവ് നല്‍കി ദ്വീപില്‍ കോവിഡ് പരത്തിയത് പുതിയ അഡ്മിനിസ്റ്റേറ്ററുടെ നടപടികളാണെന്നും, ഇത് ദ്വീപിലെ ജനങ്ങള്‍ക്കെതിരെയുള്ള ജൈവായുധ പ്രയോഗമാണെന്നുമാണ് അവര്‍ പറഞ്ഞത്.സംഘപരിവാര്‍ നടത്തുന്ന ഇത്തരം തെമ്മാടിത്തരങ്ങള്‍ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയര്‍ന്ന് വരികയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരെ രാജ്യദ്രോഹ കേസില്‍ കുടുക്കി നിര്‍വീര്യമാക്കാന്‍ കഴിയുമോ എന്നാണ് മോഡി ഭരണ കൂടം നോക്കുന്നത്. പലവിധ ഭീഷണികള്‍ക്ക് ഇടയിലും അസാമാന്യമായ നിര്‍ഭയത്വം ആയുധമാക്കി പൊരുതുകയും ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുകയുമാണ് ഐഷ സുല്‍ത്താന.“കടല്‍ നിങ്ങളെയും, നിങ്ങള്‍ കടലിനെയും സംരക്ഷിക്കുന്നവരാണ്. ഒറ്റുകാരില്‍ ഉള്ളതും നമ്മില്‍ ഇല്ലാത്തതുമാണ് ഭയം. തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ല ഞാന്‍ നാടിനു വേണ്ടി ശബ്ധമുയര്‍ത്തിയത്. എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോകുന്നത്” നിശ്ചയദാര്‍ഡ്യം തുളുമ്പുന്ന ഐഷ സുല്‍ത്താനയുടെ വാക്കുകള്‍ ഫാസിസ്റ്റ്കളെ വിറകൊള്ളിക്കുകയാണ്.
സ്വാതന്ത്ര്യതോടെയും സമാധാനത്തോടെയും ശാന്തമായി ജീവിക്കുന്ന ഒരു ജനതയെ വംശീയ വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും പേരില്‍ ഇരകളാക്കി മാറ്റാന്‍ ശ്രമിക്കുന്ന സംഘ പരിവാര്‍ അജണ്ടയെ ലോകത്തിനു മുന്‍പില്‍ തുറന്നു കാണിച്ച ഐഷ സുല്‍ത്താനയെ രാജ്യദ്രോഹ കേസില്‍ ഉള്‍പ്പെടുത്തി തടങ്കലിലാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര ഭരണ കൂടത്തിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്ക് എതിരെ ശക്തമായി ജിദ്ദ നവോദയ കേന്ദ്ര കുടുംബവേദി പ്രതിഷേധിക്കുന്നതായി പ്രസ്താവനയിൽ പറഞ്ഞു. ലക്ഷദ്വീപിലെ പോരാട്ടങ്ങള്‍ക്കും ഐഷ സുല്‍ത്താനയ്ക്കും സംഘടന ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.
നവോദയ വനിതാവേദി കണ്‍വീനര്‍ അനുപമ ബിജുരാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോ. കണ്‍വീനര്‍ ഹഫ്സ മുസാഫിര്‍ സ്വാഗതവും സിജി പ്രേമന്‍ നന്ദിയും പറഞ്ഞു.
ആയിഷ അലി പ്രമേയം അവതരിപ്പിച്ചു. സനൂജ മുജീബ്, സൈറടിറ്റോ, നവോദയ പ്രസിഡണ്ട് കിസ്മത് മമ്പാട്, ട്രഷറര്‍ സി. എം. അബ്ദുള്‍ റഹ്മാന്‍, കുടുംബവേദി കണ്‍വീനര്‍ മുസാഫിര്‍ അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.