ദുബൈ: ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് യു ഇ യിൽ എത്താൻ ഇനിയും കാത്തിരിക്കണം. ഏറെ ദിവസങ്ങളായി അനിശ്ചിതത്വം നില നിന്നിരുന്ന യു എ ഇ യാത്ര സംബന്ധമായി ഇന്ന് സിവിൽ എവിയേഷൻ അതോറിറ്റി അറിയിപ്പ് പുറത്തിറക്കിയതോടെ ജൂലൈ 21 വരെ യു എ ഇ യിലേക്ക് ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ കഴിയില്ലെന്ന് വ്യക്തമായി. ഇന്ത്യക്ക് പുറമെ, പതിമൂന്ന് രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്കും യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വിലക്ക് നീട്ടിയിട്ടുണ്ട്.
ലൈബീരിയ, നമീബിയ, സിയേറ ലിയോൺ, കോംഗോ, ഉഗാണ്ട, സാംബിയ, വിയറ്റ്‌നാം, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്കും വിലക്കുള്ളതായും ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാൽ, കാർഗോ, ബിസിനസ് വിമാനങ്ങൾക്ക് വിലക്കില്ല.
ജൂൺ 23 മുതൽ ഇന്ത്യയിൽനിന്ന് ദുബായിലേക്ക് വിമാന സർവീസ് ഉണ്ടാകുമെന്ന തരത്തിൽ അറിയിപ്പ് നേരത്തെ വന്നിരുന്നു. അതേസമയം, ജൂലൈ ആറു മുതൽ വിമാന സർവീസ് തുടങ്ങാനാകുമെന്നായിരുന്നു വിമാന കമ്പനികൾ കരുതിയിരുന്നത്. പുതിയ തീരുമാനം വന്നതോടെ വിമാന സർവീസ് ഇനിയും ഏകദേശം ഒരു മാസത്തോളം നീളും.