മാസ്‌കുകളും സോപ്പ് പൊടികളും വാങ്ങുമ്പോൾ ജാഗ്രത പാലിക്കുക, റിയാദിൽ കണ്ടെത്തിയത് വൻ വ്യാജ നിർമ്മാണ കേന്ദ്രം

0
2648

റിയാദ്: നിലവിലെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ വിപണിയിൽ വിറ്റഴിഞ്ഞ്‌ പോകുന്ന മാസ്‌കും ഡിറ്റർജന്റും അനധികൃതമായി നിർമ്മിച്ച് വിപണിയിൽ വ്യാപകമായി വിതരണം ചെയ്യുന്ന വൻ കേന്ദ്രം സഊദി അധികൃതർ കണ്ടെത്തി. തലസ്ഥാന നഗരിയായ റിയാദിലാണ് അനധികൃതമായി നിർമ്മിച്ച് വിതരണം നടത്തുന്ന കേന്ദ്രം അധികൃതർ കണ്ടെത്തിയത്. റിയാദ് പോലീസിന്റെ സഹകരണത്തോടെ കൊമേഴ്‌സ് മന്ത്രാലയമാണ് വ്യാജ നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്. സിറിയ, ഈജിപ്‌ത്‌ പൗരന്മാരെയും ഇവിടെ നിന്ന് പിടികൂടിയിട്ടുണ്ട്.

ഒന്നര മാസത്തെ നിരീക്ഷണത്തിനു ശേഷമാണ് വിവിധ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള മാസ്‌ക് നിർമ്മാണ കേന്ദ്രവും ഡിറ്റർജെന്റ് നിർമ്മാണ യൂണിറ്റും റെയ്‌ഡ്‌ നടത്തിയത്. വെയർ ഹൗസിനെ വ്യാജ ഉൽപന്ന നിർമ്മാണ കേന്ദ്രമാക്കി മാറ്റിയെടുക്കുകയായിരുന്നു. തീരെ ഗുണ നിലവാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഇവിടെ നിമ്മിച്ചിരുന്ന മാസ്കുകളും ഡിറ്റർജന്റുകളും വിപണിയിൽ അറിയപ്പെടുന്ന ബ്രാന്റുകളെ പോലും വെല്ലുന്ന രീതിയിലായിരുന്നു. മാസ്‌കുകൾ നിമ്മിക്കാൻ ഉപയോഗിക്കുന്ന വസ്‌തുക്കൾ ഏത് വിധത്തിലുള്ളതാണെന്ന് പോലും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

വിൽപ്പനക്കായി തയാറാക്കി വെച്ചിരുന്ന 4.4 മില്യൺ മാസ്‌കുകൾ, ഇവ നിർമ്മിക്കാനുള്ള സ്‌പെഷ്യൽ മെഷീനുകൾ, തുണികൾ, പാക്കിങ് കവറുകൾ, 2 മില്യൺ മായം ചേർത്ത ഡിറ്റർജെന്റ് പാക്കറ്റുകൾ, കാർട്ടൻ ബോക്‌സുകൾ, ട്രേഡ് മാർക്കടക്കം രേഖപ്പെടുത്തിയ പോസ്റ്ററുകൾ എന്നിവ ഇവിടെ നിന്നും കണ്ടെത്തുത്തിട്ടുണ്ട്. കൂടാതെ, മായം ചേർന്ന വസ്‌തുക്കൾ മിക്‌സ് ചെയ്യാനുള്ള പ്രത്യേക മെഷീനുകൾ, ഇലക്ട്രിക് ജനറേറ്റർ, എണ്ണ, വിവിധ തരത്തിലുള്ള ഉപകരണങ്ങൾ തുടങ്ങിയവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. പിടികൂടിയ പ്രതികളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

 

LEAVE A REPLY

Please enter your comment!
Please enter your name here