റിയാദ്: സഊദിയിൽ സ്പോൺസറുടെ വ്യാജ സ്ത്രീ പീഡന കേസിൽ കുടുങ്ങിയ മലയാളിക്ക് ഒടുവിൽ മോചനം. മലപ്പുറം താനൂര്‍ സ്വദേശിയാണ് കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകരുടെ ഇടപെടലില്‍ ജയില്‍ മോചിതനായത്. നാട്ടിലേക്ക് പോകാനായി എക്‌സിറ്റ് വേണമെന്നാവശ്യപ്പെട്ട ഇദ്ദേഹത്തെ സ്വന്തം സ്പോൺസർ തന്നെയാണ് വ്യാജ പീഡന കേസ് നൽകി ജയിലിലടച്ചത്.
വിശ്രമമില്ലാത്ത ജോലിയായതിനാൽ തനിക്ക് ജോലിയിൽ തുടരാൻ സാധിക്കില്ലെന്നും നാട്ടിൽ പോകണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഫൈനൽ എക്‌സിറ്റ് അടിച്ചെന്നും ടിക്കറ്റുമായി എത്തണമെന്നും അറിയിച്ചതിനെ തുടർന്ന് സ്പോൺസറുടെ വീട്ടിൽ എത്തിയപ്പോൾ തൊട്ടു പിന്നിലായി എത്തിയ പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീ പീഡനമായിരുന്നു കേസ്. പ്രാഥമിക അന്വേഷണത്തിന് ശേഷം ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിലേക്ക് കൊണ്ടുപോയി. ജാമ്യം അനുവദിച്ചെങ്കിലും സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയതായി കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ പുറത്തിറങ്ങാനായില്ല.
കസ്റ്റഡിയില്‍ കിടന്നിരുന്ന ഇദ്ദേഹത്തെ നേരില്‍ സിദ്ദീഖ് തുവ്വൂർ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്.
പോലീസെത്തി അറസ്റ്റ് ചെയ്യുന്നത് വരെയും സ്‌പോണ്‍സറുടെ കൂടെയായിരുന്നു ജോലി എന്നും സ്‌പോണ്‍സര്‍ തന്നെയാണ് പോലീസില്‍ പരാതിപ്പെട്ട് കസ്റ്റഡിയിലാക്കിയതെന്നും ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. നിയമപരമായി നീങ്ങാമെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചപ്പോള്‍ യാഥാര്‍ഥ്യം ബോധ്യപ്പെട്ട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഏഴു വര്‍ഷമായി സഊദിയിലുള്ള ഇദ്ദേഹം ഒരു വര്‍ഷം മുമ്പാണ് ഈ സ്‌പോണ്‍സറുടെ അടുത്തേക്ക് മാറിയത്.
സ്പോൺസറുടെ ഈ വ്യാജ പരാതിക്കെതിരെ നിയമപരമായി നീങ്ങാനൊരുങ്ങുകയാണ് സാമൂഹ്യ പ്രവര്‍ത്തകര്‍.




