വാക്സിൻ സർട്ടിഫിക്കറ്റിലെ പ്രവാസികളുടെ എല്ലാ ആശങ്കകളും അകറ്റണം: സഊദി കെഎംസിസി

0
1336

റിയാദ്: പ്രവാസികളുടെ വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പരിഹരിക്കണമെന്ന് സഊദി കെഎംസിസി സർക്കാരിനോടാവശ്യപ്പെട്ടു. കൊവിഡ് വാക്‌സിഷേൻ സർട്ടിഫിക്കറ്റിൽ വാക്‌സിൻ കൊടുത്ത തിയതി, ബാച്ച് നമ്പർ, നൽകിയ വാക്‌സിൻ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ രേഖപ്പെടുത്തുന്ന സംവിധാനം നാളെ മുതൽ നടപ്പിലാക്കുമെന്നത് ശുഭ വാർത്തയാണ്. ഇതുമായി ബന്ധപ്പെട്ട് സഊദി കെഎംസിസി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, നോർക്ക സി ഇ ഒ എന്നിവർക്ക് പരാതി നൽകിയിരുന്നു.
സഊദിയിലേക്കുള്ള പ്രവാസികളുടെ യാത്ര പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കൊവിൻ ഇ-ഹെൽത്ത്‌ പോർട്ടലുകൾ ലിങ്ക് ചെയ്യണമെന്നും കെഎംസിസി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തര നടപടി ഉണ്ടായാൽ മാത്രമേ പ്രവാസികളുടെ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തീരുകയുള്ളൂ.

ആദ്യ ഡോസ് വാക്സിൻ എടുത്ത പ്രവാസികളുടെ ഡാറ്റ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള കൊവിൻ പോർട്ടലിലും രണ്ടാമത്തെ ഡോസ് എടുത്ത ഡാറ്റ കേരള ആരോഗ്യ വകുപ്പിന്റെ പോർട്ടലായ ഇ ഹെൽത്ത്‌ പോർട്ടലിലുമാണുമുള്ളത്. രണ്ട് ഡോസും ചെയ്തുവെന്ന ഒറ്റ സർട്ടിഫിക്കറ്റാണ് സഊദി ആരോഗ്യമന്ത്രാലയത്തിന്റെ ഇ-സർവീസ് സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടത്. ഇതുപ്രകാരമാണ് മുഖീം, തവക്കൽന പോർട്ടലുകളിൽ അപ്ഡേറ്റ് ചെയ്യപ്പെടുക.

ഇപ്പോൾ നൽകിയ വാർത്താ കുറിപ്പിൽ കൊവിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ അത് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണെന്നും കൊവിന്‍ പോര്‍ട്ടലില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ വാക്‌സിന്‍ എടുത്ത കേന്ദ്രത്തില്‍ നിന്നും ബാച്ച് നമ്പറും തീയതിയും കൂടി എഴുതി വാങ്ങിയ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതാണെന്നും പറയുന്നുണ്ട് . സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ പരിശോധിച്ച് തീയതിയും ബാച്ച് നമ്പറുമുള്ള പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണ് പറയുന്നത്. ഇത് രണ്ട് ഡോസുകളും ഉൾപ്പടെയുള്ള സർട്ടിഫിക്കറ്റ് ആകുമോ എന്നതാണ് ആശങ്ക. ഇങ്ങിനെ കൊവിൻ പോർട്ടലിലെ വിവരങ്ങൾ കേരള ഹെൽത്ത് പോർട്ടലിൽ നൽകിയാൽ ഇരു ഡോസുകളുടെയും സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന സംവിധാനം ഉണ്ടാകണം.

കൊവിഡ് നിയന്ത്രണങ്ങൾ മൂലം ഇന്ത്യയിൽ നിന്ന് നേരിട്ട് സർവീസുകളില്ലാത്ത സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ വഴിയാണ് പ്രവാസികൾ സഊദിയിലേക്ക് യാത്ര തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറെ സമ്മർദ്ദത്തിലായ പ്രവാസികളുടെ ആശങ്ക പൂർണ്ണമായി ദുരീകരിക്കണമെന്നും സഊദി കെഎംസിസി നേതാക്കളായ കെപി മുഹമ്മദ്‌കുട്ടി, അഷ്‌റഫ് വേങ്ങാട്ട് , കാദർ ചെങ്കള, കുഞ്ഞിമോൻ കാക്കിയ, ഇബ്രാഹിം മുഹമ്മദ് എന്നിവർ ആവശ്യപെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here