റിയാദ്: സഊദിയിലേക്ക് വരുന്ന വിദേശികൾ വാക്സിനേഷൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയത് ഉറപ്പ് വരുത്താൻ സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി വിമാന കമ്പനികൾക്ക് നിർദേശം നൽകി. പൗരന്മാരല്ലാത്ത യാത്രക്കാരും അവരുടെ ആശ്രിതരും യാത്രക്ക് മുമ്പായി രോഗപ്രതിരോധ ഡാറ്റ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ എല്ലാ എയർലൈനുകലേക്കും സർക്കുലർ നൽകിയിട്ടുണ്ട്.
https://muqeem.sa/#/vaccine-registration/home എന്ന ലിങ്ക് വഴിയാണ് രജിസ്‌ട്രേഷൻ പൂർത്തീകരിക്കേണ്ടത്. ഇതോടെ യാത്രക്കാരുടെ പ്രവേശന നടപടിക്രമങ്ങളും പ്രവേശന സമയദൈർഘ്യവും കുറക്കാനാകും. കൊറോണ വൈറസ് കൊവിഡ് വ്യാപനം ലഘൂകരിക്കുന്നതിനു സഊദി അറേബ്യ നടത്തിയ ശ്രമങ്ങൾക്ക് കൂടുതൽ കരുത്ത് പകർന്ന് സഊദിയിലേക്ക് വരുന്ന ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർ, മറ്റു രാജ്യക്കാർ, എല്ലാത്തരം പുതിയ വിസകൾ കൈവശമുള്ളവരുമായവരിൽ പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരും അവരുടെ ആശ്രിതരും പ്രത്യേക ലിങ്കിൽ രജിസ്‌ട്രേഷൻ പൂർത്തീകരിക്കണമെന്നു കഴിഞ്ഞ ദിവസം ജവാസാതും അറിയിച്ചിരുന്നു.