Friday, 13 December - 2024

ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് പ്രതിഷേധാർഹം: നവോദയ യുവജന വേദി

ജിദ്ദ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ വിമർശിച്ചതിൻ്റെ പേരിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കവരത്തി പൊലീസ് കേസെടുത്തത് പ്രതിഷേധാർഹമാണെന്ന് ജിദ്ദ നവോദയ യുവജന വേദി അഭിപ്രായപ്പെട്ടു.
ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കവെയാണ് ഐഷ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ വിമർശനം ഉന്നയിച്ചത്. വിമർശനം ഉന്നയിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കുന്ന കേന്ദ്രസർക്കാർ നടപടി അംഗീകരിക്കാനാകില്ല.

ദ്വീപ് ജനതയുടെ ജനാധിപത്യാവകാശങ്ങൾക്കും തനതു സംസ്‌കാരത്തിനും വിശ്വാസങ്ങൾക്കും നേരെ കടന്നുകയറുന്ന ‌നടപടികളുമായി മുന്നോട്ട് പോകുന്ന അഡ്മിനിസ്ട്രേറ്ററെ വിമർശിക്കുവാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് പൊലീസിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. എതിർ സ്വരങ്ങളെ അടിച്ചമർത്തുന്നതിനുള്ള ഒരു മാർഗമാക്കി രാജ്യദ്രോഹ നിയമത്തെ കേന്ദ്രസർക്കാർ മാറ്റിയിരിക്കുകയാണെന്നും സംഘടന അഭിപ്രായപ്പെട്ടു.

രാജ്യദ്രോഹ നിയമത്തിന് പരിധി നിശ്ചയിക്കണമെന്ന സുപ്രീംകോടതിയുടെ താക്കീതിന് പോലും കേന്ദ്രസർക്കാർ വിലകൽപ്പിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടി. തങ്ങളുടെ ഫാസിസ്റ്റ് നടപടികൾക്ക് എതിരെ പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും നിശബ്ദരാക്കാമെന്നത് ബി ജെ പിയുടെ തെറ്റിദ്ധാരണ മാത്രമാണ്.

മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങൾക്ക് എതിരെ പ്രതികരിച്ച ഐഷയെ ഒറ്റപ്പെടുത്താനുള്ള കേന്ദ്രസർക്കാരിൻ്റെയും ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെയും ശ്രമം വിജയിക്കാൻ പോകുന്നില്ല. ഐഷ സുൽത്താനക്ക് നവോദയ യുവജന വേദി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി പ്രസ്താവനയിൽ പറഞ്ഞു.

Most Popular

error: