റിയാദ്: രാജ്യത്ത് വിദേശികൾക്ക് ഭൂമിയും കെട്ടിടവും സ്വന്തമാക്കി റിയൽ എസ്റ്റേറ്റ് അനുവദിക്കുന്നതിനെ കുറിച്ച് പഠിക്കണമെന്ന് നിർദേശം. പുണ്യ നഗരികളായ മക്ക, മദീന ഒഴികെയുള്ള രാജ്യത്തെ മറ്റു ഭാഗങ്ങളിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് ഇടപെടാൻ രാജ്യത്തെ പൗരന്മാരും താമസക്കാരുമല്ലാത്ത വ്യക്തികൾക്ക് അനുവാദം നൽകുന്നതിനെ കുറിച്ച് പഠിക്കാനുള്ള ശിപാർശ ശൂറ കൗൺസിലാണ് മുന്നോട്ട് വെച്ചത്. ഇതിന് ശൂറാ കൗൺസിൽ അംഗീകാരം നൽകുകയും ചെയ്തു.
റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയുടെ വാർഷിക റിപ്പോർട്ടിൽ കൗൺസിൽ അംഗം അസാഫ് അബൂസനീൻ നൽകിയ ശിപാർശയെ ശൂറാ കൗൺസിലിലെ ഭൂരിപക്ഷം അംഗങ്ങളും അംഗീകരിച്ചതിന് പിന്നാലെയാണ് പഠനം നടത്താൻ ശൂറ ഗവൺമെൻറിന് ശിപാർശ നൽകിയത്.