റിയാദ്: അറബ് സമ്പദ് വ്യവസ്ഥയുടെ മൂന്നിലൊന്നും സഊദി അറേബ്യയിലാണെന്ന് കണക്കുകൾ. 2020 ലെ കണക്കുകൾ പ്രകാരം 2.39 ട്രില്യൺ ഡോളറിന്റെ അറബ് സമ്പദ്‌വ്യവസ്ഥയുടെ 29.3 ശതമാനം സഊദി അറേബ്യയാണ്. അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുള്ള ഈജിപ്തിന്റെ 361.9 ബില്യൺ ഡോളറിന്റെ ഇരട്ടിയാണ് സഊദിയുടെ ജിഡിപിയെന്നാണ് കണക്കുകൾ. 700.1 ബില്യൺ ഡോളർ ആണ് സഊദിയുടെ ജിഡിപി എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
സഊദി അറേബ്യൻ മോണിറ്ററി അതോറിറ്റി, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്, അറബ് സ്റ്റാറ്റിസ്റ്റിക്കൽ ബോഡികൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച് അൽ ഇഖ്തിസാദിയ ആണ് റിപ്പോർട്ട് ചെയ്‌തത്. ജിഡിപി 354.3 ബില്യൺ ഡോളറുള്ള മൂന്നാമത്തെ വലിയ അറബ് സമ്പദ്‌വ്യവസ്ഥയാണ് യുഎഇ യുടേത്.
ഗൾഫ് സഹകരണ കൗൺസിലിന്റെ ആറ് രാജ്യങ്ങളുടെയും മൊത്തത്തിലുള്ള ജിഡിപി 1.41 ട്രില്യൺ ഡോളറാണ്. അറബ് സമ്പദ്‌വ്യവസ്ഥയുടെ 58.8 ശതമാനം വരുമിത്. ആഗോള സമ്പദ്‌വ്യവസ്ഥയുടെ 2.8 ശതമാനവും പ്രതിനിധീകരിക്കുന്നത് അറബ് ലോകമാണ്.