ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് ബഹ്‌റൈനിൽ 10 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ

0
3998
മനാമ: ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ബഹ്‌റൈൻ ക്വാറന്റൈൻ നിർബന്ധമാക്കി. കൊവിഡിനെ പ്രതിരോധിക്കാനുള്ള ദേശീയ മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്‌സിന്റെ പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് പുതിയ തീരുമാനം. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, നേപാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ബഹ്‌റൈനില്‍ 10 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന വ്യവസ്ഥയാണ് ഏർപ്പെടുത്തിയത്. നേരത്തെ ഇത് ഒരുദിവസമായിരുന്നു. ഇതാണ് നിലവിൽ പത്ത് ദിവസത്തേക്ക് നിർബന്ധമാക്കിയത്.
ആറും അതില്‍ കൂടുതലും വയസുള്ള യാത്രക്കാര്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലവുമായാണ് ഇവിടെ ഇറങ്ങേണ്ടത്. സര്‍ട്ടിഫിക്കറ്റില്‍ ക്യൂആര്‍ കോഡുമുണ്ടായിരിക്കണം. വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടൻ ആദ്യ ലാബ് പരിശോധന നടത്തണം. തുടർന്ന് അഞ്ചാം ദിവസവും പത്താം ദിവസവും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. 10 ദിവസത്തിനുശേഷം മൂന്നാമത്തെ പരിശോധന നടത്തി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമേ ക്വാറന്റൈന്‍ കാലയളവ് പൂര്‍ത്തിയാവൂ.
ഈ രാജ്യങ്ങളില്‍നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും പത്തുദിവസം സ്വന്തം വസതിയില്‍ ക്വാറന്റൈനില്‍ കഴിയാം. അല്ലെങ്കില്‍ ദേശീയ ആരോഗ്യ റെഗുലേറ്ററി ലൈസന്‍സുള്ള ഏതെങ്കിലും ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയാനും അനുവാദമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here