മദീന: മദീനയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു. മുക്കം കാരമൂല കൊയിലത്തും കണ്ടി പരേതനായ കുഞ്ഞോക്കുവിൻ്റെ മകൻ നുദീർ ആണ് മദീനയിൽ മരണപ്പെട്ടത്. അഞ്ചു ദിവസം മുമ്പ് നടന്ന അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഞായാറാഴ്ച വൈകീട്ടോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മദീനയിൽ പ്ലാസ്റ്റിക് വിതരണ വാനിലെ ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്ന ഇദ്ദേഹത്തെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജോലിക്കിടെ വഴിയിൽ വെച്ച് വാഹനം കേടു വന്നതിനെ തുടർന്ന് പുറത്തിറങ്ങി പരിശോധിക്കുന്നതിടെ മറ്റൊരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ഇടിച്ച വാഹനത്തിലെ ഡ്രൈവർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവിടെ നിന്ന് കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി.അടിയന്തിര ശസ്ത്രക്രിയയ്ക്കും വിധേയമാക്കിയിരുന്നു.
നേരത്തെ മക്കയിൽ പ്ലാസ്റ്റിക് വിതരണ രംഗത്തുണ്ടായിരുന്ന ഇദ്ദേഹം ഇതേ കമ്പനിയുടെ കീഴിൽ തന്നെയാണ് മദീനയിലും ജോലി ചെയ്‌തു വന്നിരുന്നത്. മരണ വിവരമറിഞ്ഞു ബഹ്‌റൈനിലുള്ള സഹോദരൻ മദീനയിൽ എത്തിയിട്ടുണ്ട്.