മക്ക/മദീന: ശക്തമായ കൊവിഡ് പ്രതിസന്ധിക്കിടയിലും ഇരു ഹറമുകളിലും റമദാൻ ആദ്യ വെള്ളിയാഴ്ച പ്രാർത്ഥനകളിൽ പങ്ക് കൊണ്ടത് പതിനായിരങ്ങൾ. മക്കയിലെ മസ്‌ജിദുൽ ഹറാമിലും മദീനയിലെ മസ്‌ജിദുന്നബവിയിലും കടുത്ത ആരോഗ്യ സുരക്ഷ വലയത്തിലാണ് വിശ്വാസികൾ എത്തിയത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇരു ഹറം പള്ളികളിലും ആരോഗ്യ മന്ത്രാലയത്തിന്റെ പൂർണ്ണ കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണ് വിശ്വാസികൾ ജുമുഅ നിസ്കാരത്തിൽ പങ്കെടുത്തത്. മക്ക ഹറമിൽ ഹറം ഇമാം ശൈഖ് ഡോ: അബ്‌ദുറഹ്‌മാൻ അൽ സുദൈസ്, മദീനയിലെ പ്രവാചക പള്ളിയിൽ ശൈഖ് ഡോ: സ്വലാഹ് അൽ ബുദൈർ എന്നിവരും ജുമുഅ നിസ്‌കാരത്തിനു നേതൃത്വം നൽകി.
റമദാൻ മാസം ജീവിതം സ്വയം പരിഷ്കരിക്കാനുള്ള മാസമാണെന്നും അതോടൊപ്പം, മുഴുവൻ പ്രവർത്തനങ്ങളിലും വിശുദ്ധി ഉണ്ടാക്കണമെന്നും അഭിപ്രായവ്യത്യാസങ്ങളെയും വിഭജനത്തെയും നിരാകരിക്കാനുമുള്ള സമയമാണെന്നും സുദൈസ് ഖുതുബയിൽ വിശ്വാസികളെ ഉണർത്തി. ഇസ്‌ലാമിന്റെ സഹിഷ്ണുതയിൽ ഒരു മികച്ച സന്ദേശമാണ് മാധ്യമങ്ങളും സാങ്കേതികവിദ്യയും നൽകേണ്ടത്. സോഷ്യൽ മീഡിയയിലെ തെറ്റായ വിവരങ്ങൾക്കും നിയമവിരുദ്ധ പ്രവണതകൾക്കുമെതിരെ നിലയുറപ്പിക്കണമെന്നും അദ്ദേഹം ഉണർത്തി.
കഴിഞ്ഞ വർഷം ഇതേ സമയത്ത് ശൂന്യമായി കിടന്ന ഹറം പള്ളിയുടെ തിരുമുറ്റങ്ങളിൽ ഈ വർഷം റമദാനിൽ ആദ്യ ജുമുഅ പങ്കെടുക്കാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് വിശ്വാസികൾ. കഴിഞ്ഞ വർഷം വിരലിലെണ്ണാവുന്ന ഹറം ജീവനക്കാരെ ഉൾപ്പെടുത്തിയായിരുന്നു ഇവിടെ നിസ്‌കാരങ്ങൾ നടന്നിരുന്നത്.