Saturday, 27 July - 2024

നാട്ടിൽ കൊവിഡ് നിരക്ക് ഉയരുന്നു, പ്രവാസികളുടെ നെഞ്ചിടിപ്പ് കൂടുന്നു

ജിദ്ദ: കേരളം ഉൾപ്പെടെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് നിരക്ക് ദിവസവും ഉയരുന്നു എന്ന വാർത്ത സഊദി പ്രവാസികളിൽ വലിയ ആശങ്കയും ആസ്വസ്ഥതയും ഉളവാക്കുന്നു. കൊവിഡ് കാരണം നിറുത്തി വെച്ച അന്താരാഷ്ട്ര വിമാന സർവീസ് മെയ്‌ പതിനേഴു മുതൽ പുനഃ രാരംഭിക്കുമെന്ന് സഊദി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ ദിനംപ്രതി കൊവിഡ് നിരക്ക് കൂടി വരുന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് പുനഃ രാരംഭിക്കുമോ എന്നതാണ് പ്രവാസികൾ ആശങ്കയോടെ നോക്കുന്നത്.

ഇന്ത്യയിൽ കൊവിഡ് നിരക്ക് കൂടുതലായതിനാൽ സഊദിയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ല. ഇന്ത്യയിൽ നിന്നും വരുന്നവർ രണ്ടാഴ്ച മറ്റൊരു രാജ്യത്ത് താമസിച്ച് കൊവിഡ് ടെസ്റ്റ്‌ നടത്തി വേണം സ ഊദിയിലേക്ക് വരാൻ. ഇക്കരണത്താൽ അവധിക്ക് പോയ പലർക്കും വരാൻ കഴിഞ്ഞിട്ടില്ല. ഇങ്ങനെ വരാൻ കഴിയാത്ത പലർക്കും തങ്ങളുടെ ജോലി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

നാട്ടിൽ പോയാൽ തിരിച്ചു വരവ് ദുഷകരമായതിനാൽ പ്രവാസികൾ അവധിക്ക് പോലും നാട്ടിൽ പോവാൻ മടിക്കുകയാണ്. കമ്പനികളിലെ ഓഫിസ് ജീവനക്കാർക്ക് പൊതുവെ വർഷത്തിൽ ഒരു മാസത്തെ അവധിയാണ് ലഭിക്കുന്നത്. ഒരു മാസത്തെ അവധി തീരും മുമ്പ് തിരിച്ചെത്താൻ കഴിയാത്തതിനാൽ പലരും അവധിക്കാലം ഇവിടെ തന്നെ ചെലവഴിക്കുകയാണ്.

ഏതായാലും അടുത്ത മാസം പതിനേഴു മുതൽ സഊദി അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കുമ്പോൾ ഇന്ത്യയിൽ നിന്നും വിമാന സർവീസ് ഉണ്ടാകുമോ എന്നാണ് പ്രവാസികൾ ഉറ്റു നോക്കുന്നത്.

Most Popular

error: