അബഹ: സ്പോൺസർ ഹുറൂബ് ആക്കിയതോടെ ജോലിയോ ശമ്പളമോ ലഭിക്കാതെ പ്രയാസത്തിൽ ആയിരുന്ന കോഴിക്കോട് സ്വദേശി ഇന്ത്യൻ സോഷ്യൽ ഫോറം നിയമസഹായം നൽകിയതിനെത്തുടർന്ന് നാട്ടിലേക്ക് തിരിച്ചു. വെള്ളിമാട്കുന്ന് പുളിയൻകോട്കുന്ന് തേക്കിലക്കാടൻ ജോസിന്റെ മകൻ ജിനു എന്ന ഔസേപ്പ് ആണ് കഴിഞ്ഞദിവസം നാട്ടിലേക്ക് തിരിച്ചത്.
ജിദ്ദ കോൺസുലേറ്റ് സാമൂഹ്യ ക്ഷേമ വിഭാഗം അംഗവും ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡണ്ടുമായ ഹനീഫ് മഞ്ചേശ്വരം, വെൽഫെയർ ഇൻചാർജ് മൊയ്തീൻ കോതമംഗലം എന്നിവരുടെ നിരന്തരമായ ലേബർ കോടതിയിലെ ഇടപെടലാണ് ഔസേപിന് നാട്ടിലേക്ക് പോകാൻ സഹായകമായത്.
ഒരു വർഷം മുമ്പാണ് ഹൗസ് ഡ്രൈവർ വിസയിൽ ഔസേപ്പ് ഖമീസ് മുശൈതിൽ എത്തുന്നത്. സ്പോൺസറുടെ കീഴിൽ ജോലി ചെയ്യുന്നതിനിടെ ഇദ്ദേഹത്തെ ആറുമാസം മുമ്പാണ് ശമ്പളം നൽകാത്തതു മായി ബന്ധപ്പെട്ട വാക്കുതർക്കത്തെ തുടർന്ന് സ്പോൺസർ ഹുറൂബ് ആക്കിയത്.
നാടണയാൻ വേണ്ടി പല ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് ഇന്ത്യൻ സോഷ്യൽ ഫോറത്തെ സമീപിച്ച് ലേബർ കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച് നാട്ടിലേക്ക് തിരിച്ചത്.
