- എറണാകുളം കളക്ടറേറ്റിലെ റവന്യൂ ഓഫീസിൽ സീനിയർ ക്ലാർക്കാണ് അരുൺ. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയായ അരുൺ രണ്ടു വർഷത്തെ അവധിയെടുത്താണ് യാത്ര സജ്ജീകരിച്ചത്
ദമാം: സൈക്കിളിൽ ഉലകം ചുറ്റുന്ന എറണാകുളം അമ്പലമേട് സ്വദേശിയായ അരുൺ ഥാഗത് സഊദിയിലെത്തി. സമാധാന സന്ദേശവുമായി 2024 ൽ പാരീസിലെ ഒളിമ്പിക് വേദിയിൽ നിന്ന് കൊച്ചിയിലേക്ക് സൈക്കിൾ ചവിട്ടുകയാണ് ഈ യുവാവ്. നിരവധി രാജ്യങ്ങൾ താണ്ടിയ അരുൺ യൂറോപ്പ് വഴി തുർക്കിയിലൂടെയാണ് അറബ് മണ്ണിലേക്ക് പ്രവേശിച്ചത്. നിലവിൽ സഊദിയിലെ റിയാദിൽ നിന്ന് കിഴക്കൻ സഊദിയിലെത്തിയിരിക്കുയാണ് അരുൺ.
അരുണിന്റെ സൈക്കിൾ പെഡലുകൾ തിരിയുന്നത് ലോക സമാധാനം എന്ന ലക്ഷ്യത്തോടെയാണ്. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിനെ കണ്ട് ആശംസകൾ അറിയിച്ച് അരുൺ ദൈർഘ്യ മേറിയ യാത്ര ആരംഭിച്ച നിലവിൽ 60 ലധികം രാജ്യങ്ങൾ പിന്നിട്ടാണ് സഊദിയിൽ എത്തിയത്.

ഫ്രാൻസ്, ജർമ്മനി, ഓസ്ട്രിയ, ഹംഗറി സ്ലൊവാക്യ, റൊമേനിയ, ബൾഗേറിയ വഴി തുർക്കിയിലേക്ക് എത്തി അവിടെ നിന്നാണ് ഗൾഫിലേക്ക് കയറിയത്. ഒമാനിൽ നിന്ന് സഊദിയിൽ എത്തിയ അരുൺ ജിസിസി യിലെ ഒട്ടുമിക്ക രാജ്യങ്ങളും സന്ദർശിക്കും. ഓരോ മൂന്നുമാസവും ഇടവേളയെടുക്കണമെന്ന വ്യവസ്ഥയിൽ രണ്ടുവർഷത്തെ വിസയാണ് യൂറോപ്യൻ യൂണിയൻ നൽകിയത്. പ്രാഗിൽ എത്തി അവിടെ നിന്ന് പോളണ്ട്, ലിത്വാനിയ. പിന്നീട് നോർവേ, സ്വീഡൻ എത്തും. ഖസാക്കി സ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഡെന്മാർക്ക്, നോർവേ നെതർലാൻഡ്‌സ്. ബെൽജിയം, സ്പെയിൻ, ആ ഫ്രിക്ക, മൊറോക്കോ, ടൂണിഷ്യ, ഇറ്റലി, സ്വിറ്റ്സർലൻഡ്, റഷ്യ, ചൈന തുടങ്ങിയ രാജ്യ ങ്ങളെല്ലാം അരുണിന്റെ സൈക്കിൾ യാത്രയിൽ ഉൾപെടും. സഊദിയിൽ എത്തിയ അരുണിന് സഞ്ചാരി മലയാളി കൂട്ടായ്മ ഉൾപ്പെടെ സംഘടനകൾ സ്വീകരണം ഒരുക്കിയിട്ടുണ്ട്.
2024 ജൂലായ് 22ന് പാരീസിലെ ഒളിമ്പിക് വേദിയിൽ നിന്നാണ് 42കാരനായ അരുൺ സൈക്കിൾ യാത്ര തുടങ്ങിയത്. ഇനിയും നിരവധി രാജ്യങ്ങളിൽ കൂടി സഞ്ചരിച്ച് റഷ്യ, ചൈന, നേപ്പാൾ വഴി 2026 ആഗസ്റ്റിലാകും ഇന്ത്യയിൽ മടങ്ങിയെത്തുക.
ഇത് രണ്ടാം തവണയാണ് അരുൺ സൈക്കിളിൽ ലോകപര്യടനം നടത്തുന്നത്. അതിർത്തികളില്ലാ ലോകം എന്നതാണ് യാത്രയിലെ മുദ്രാവാക്യം. 2019 ൽ മ്യാൻമർ, തായ്‌ലൻഡ്, മലേഷ്യ, ഇ ന്തോനേഷ്യ, കംബോഡിയ, ലാവോസ് എന്നിവിട ങ്ങളിലേക്ക് സൈക്കിളിൽ യാത്ര നടത്തിയിരുന്നു. നേരത്തെ ഇന്ത്യ യാത്രയും അരുൺ നടത്തിയിട്ടുണ്ട്. ദിവസവും 50 കിലോമീറ്ററാണ് സൈക്കിളിൽ യാത്ര ചെയ്യുന്നത്. പഴങ്ങളും ജ്യൂസും പച്ചക്കറികളും മാത്രമാണ് ഭക്ഷണം. സൈക്കി ൾ യാത്രികർക്കുള്ള ക്യാമ്പ് ഹൗ സുകളിലാണ് മിക്കപ്പോഴും താമസിക്കുക. യൂറോപ്യൻ യൂണിയന്റെ രണ്ടു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസലഭിച്ചത് ഏറെ സഹായകമായി.
എറണാകുളം കളക്ടറേറ്റിലെ റവന്യൂ ഓഫീസിൽ സീനിയർ ക്ലാർക്കാണ് അരുൺ. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയായ അരുൺ രണ്ടു വർഷത്തെ അവധിയെടുത്താണ് യാത്ര സജ്ജീകരിച്ചത്. അമേരിക്കയിൽ നിന്ന് എത്തിച്ച സർളി സൈക്കിളിലാണ് ലോക സഞ്ചാരം. തൃപ്പൂണിത്തുറ അമ്പലമുകൾ പാറേക്കാട്ടിൽ നാരായണന്റെയും തങ്കമണിയുടെയും മകനാണ്.