ത്വായിഫ്: ഫെബ്രുവരി 28 ന് ത്വായിഫിൽ നിന്നും 200 കിലോമീറ്റർ അകലെ അൽമോയയിൽ മിനി ബസ് അപകടത്തിൽപ്പെട്ട് മരണമടഞ്ഞ കോട്ടയം വൈക്കം വെച്ചൂർ സ്വദേശിനി അഖിലയുടെയും കൊല്ലം ആയൂർ സ്വദേശിനി സുബിയുടെയും മൃതദേഹങ്ങൾ ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ട് പോകും. വൈകുന്നേരം ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇത്തിഹാദ് വിമാനത്തിൽ കൊച്ചിയിലേക്ക് കൊണ്ട് പോകുന്ന മൃതദേഹങ്ങൾ ബുധനാഴ്ച വെളുപ്പിന് ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശങ്ങളിൽ എത്തിച്ച് സംസ്കരിക്കും.
അൽമോയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ഇന്ന് രാവിലെ അബ്ദുൽ അസീസ് ആശുപത്രിയിലേക്ക് എംബാമ്മിങ്ങിനായി മാറ്റി. ത്വായിഫിലെ സാമൂഹിക പ്രവർത്തകരായ തായിഫ് കെഎംസിസി പ്രസിഡൻ്റും കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗവുമായ നാലകത്ത് മുഹമ്മദ് സാലിഹ്, ബ്രദേഴ്സ് തായിഫ് പ്രസിഡൻ്റും കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗവുമായ പന്തളം ഷാജി, ജിദ്ദ നവോദയ തായിഫ് കമ്മിറ്റി ഭാരവാഹി മോബിൻ തോമസ് എന്നിവർ ചേർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി. രാവിലെ മൂവരും ചേർന്ന് മൃതദേഹങ്ങൾ അൽമോയ ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങി ജിദ്ദ എംബാമിങ് കേന്ദ്രത്തിൽ എത്തിച്ചു.