കോഴിക്കോട്: ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബ്ള്‍ പ്രകാരമുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ വിവിധ സെക്റ്ററുകളിൽ നിന്നുള്ള ബഹ്‌റൈൻ സർവ്വീസുകൾ ആണ് വർധിപ്പിക്കുന്നത്. സെപ്റ്റംബര്‍ 15 മുതലാണ് ബഹ്‌റൈനിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകൾ തുടങ്ങുക. പുതിയ സര്‍വീസുകള്‍ക്കുള്ള ബുക്കിങ് എയര്‍ലൈന്‍സുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഡല്‍ഹിയില്‍നിന്ന് ബഹ്‌റൈനിലേക്ക് ഉണ്ടായിരുന്ന ആഴ്ചയിലെ രണ്ട് സര്‍വീസുകള്‍ ഇതോടെ നാലായി വര്‍ധിക്കും. ഹൈദരാബാദില്‍ നിന്ന് നിലവിൽ ഉണ്ടായിരുന്ന ഒരു സര്‍വീസ് നടത്തിയിരുന്നത് രണ്ടായും ബംഗളൂരുവില്‍ നിന്ന് കൊച്ചി വഴി ബഹ്‌റൈനിലേക്ക് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുതിയ സര്‍വീസും ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്ന് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടില്ല. എയര്‍ ഇന്ത്യ ബംഗളൂരുവില്‍നിന്ന് കൊച്ചി വഴിയുള്ള സര്‍വീസ് ആരംഭിച്ചതുമാത്രമാണ് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അധികമായി ലഭിക്കുന്ന സര്‍വീസ്. ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട് വഴി മുംബൈയിലേക്ക് മാസത്തില്‍ രണ്ട് സര്‍വീസ് നടത്തിയിരുന്നത് വ്യാഴം, ഞായര്‍ ദിവസങ്ങളിലായി ആഴ്ചയില്‍ രണ്ട് എന്ന രീതിയില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 30 വരെയുള്ള ഷെഡ്യൂളാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, എയർ ബബ്ൾ കരാർ ഇല്ലാത്തതിനാൽ സഊദി പ്രവാസികൾക്ക് യാത്രാ ദുരിതം തുടരുകയാണ്. അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ സെപ്തംബർ 30 വരെ നീട്ടിയതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇനിയെങ്കിലും സഊദിയുമായി ഇന്ത്യ എയർ ബബിൾ കരാറിൽ ഒപ്പിടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എയർ ബബ്ൾ കരാർ നിലവിൽ ഇല്ലാത്തതിനാൽ ചാർട്ടേഡ് ഫ്ളൈറ്റുകൾ വഴി മാത്രമേ നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് സഊദിയിലേക്ക് നേരിട്ട് മടങ്ങാൻ സാധിക്കുകയുള്ളൂ. ഇത് ടിക്കറ്റ് നിരക്കിനും മറ്റും കാരണമാകുകയും ചെയ്യുന്നുണ്ട്.
സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് നേരിട്ട് സഊദിയിലേക്ക് പറക്കുന്നതിനു അനുമതി ലഭിച്ചതോടെ വരും ദിനങ്ങളിൽ സഊദിയിൽ നിന്ന് നാട്ടിലേക്ക് വരാൻ ഉദ്ദേശിക്കുന്നവരുടെ എണ്ണം വർദ്ധിക്കുമെങ്കിലും തിരിച്ചു വരാനായുള്ള ചാർട്ടേഡ് ഫ്ളൈറ്റുകളെ ആശ്രയിക്കുകയേ നിലവിൽ നിവൃത്തിയുള്ളു




