മക്കയിൽ ദുരിതത്തിലായ ജയ്പൂർ സ്വദേശികൾക്ക് മക്ക ‘നവോദയ’ ആശ്വാസമായി

ജിദ്ദ: ഭക്ഷണവും പണവുമില്ലാതെ മക്കയിൽ ദുരിതത്തിലായ രാജസ്ഥാൻ ജയ്പൂർ സ്വദേശികൾക്ക് സാന്ത്വനവും സഹായവുമായി നവോദയാ മക്ക ഏരിയാ കമ്മറ്റി. ജുമാ അൽഹർബി മാൻപവർ സപ്ലൈ കമ്പനിക്കു കീഴിൽ വിവിധ കെട്ടിട നിർമ്മാണ കമ്പനികളിൽ ടെക്നീഷ്യൻമാരായി ജോലി ചെയ്യുന്ന പതിനഞ്ചോളം ജയ്പൂർ സ്വദേശികളാണ് മാസങ്ങളായി മക്ക ഗസ്സയിൽ ദുരിതത്തിൽ കഴിയുന്നത്. സ്പോൺസറായ കമ്പനി ഉടമകൾ ഇവരെ തിരിഞ്ഞു നോക്കാതായിട്ട് മാസങ്ങളായി. ശമ്പള കുടിശ്ശിക നൽകാത്തതിനാൽ കൈയിൽ പണമില്ല, അതിനാൽ തന്നെ കെട്ടിട വാടക നൽകാനോ ഭക്ഷണത്തിനോ വകയില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ യുവാക്കൾ.

നവോദയ മക്ക കമ്മറ്റിയുടെ വകയായി അവർക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകി. ഏരിയാ രക്ഷാധികാരി ശിഹാബുദ്ധീൻ കോഴിക്കോട്, ഏരിയാ സിക്രട്ടറി മുഹമ്മദ് മേലാറ്റൂർ, അസീസിയ യൂനിറ്റ് പ്രസിഡണ്ട് നൗഷാദ് പത്തനാപുരം, നാസർ കരുളായി, സജീർ കൊല്ലം എന്നിവർ നേതൃത്വം നൽകി.

ഇവരുടെ അധികപേരുടേയും താമസ രേഖകൾ കാലാവധി കഴിഞ്ഞതിനാൽ പുറത്തിറങ്ങാനും പറ്റാത്ത അവസ്ഥ വന്നു. ചിലരുടെ ഇഖാമ ഫ്രീസ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മാസങ്ങളായി ജോലിയും കൂലിയുമില്ലാതെ കഷ്ടപ്പെടുന്ന ഇവരെ കമ്പനി അധികൃതർ തിരിഞ്ഞു നോക്കുന്നില്ല.

നവോദയ പ്രവർത്തകർ മുൻകൈ എടുത്ത് മക്കയിലെ ലേബർ കോർട്ടിൽ പരാതി സമർപ്പിച്ചു.തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനും രേഖകൾ ശരിപ്പെടുത്തുന്നതിനും ലേബർ കോർട്ട് ഇടപെടുമെന്ന പ്രതീക്ഷയിലാണ്.

ഏരിയാ പ്രസിഡണ്ട് റഷീദ് ഒലവക്കോട് , ജീവകാരുണ്യം കൺവീനർ റഷീദ് മണ്ണാർക്കാട് എന്നിവരാണ് നവോദയ പ്രതിനിധികളായി ലേബർ കോടതിയിൽ ജയ്പൂർ സ്വദേശികൾക്കായി നിയമസഹായത്തിന് എത്തിയത്.

ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ പരാതി കൊടുക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നതായി നവോദയ സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ പറഞ്ഞു.ജയ്പൂർ സ്വദേശികൾക്ക് നാട്ടിലേക്ക് യാത്ര ചെയ്യണമെങ്കിലും അവരുടെ ഇഖാമ അടക്കമുള്ള രേഖകൾ ശരിപ്പെടുത്തേണ്ടതായുണ്ട്. രേഖകൾ ശരിയായിക്കിട്ടിയാൽ മറ്റു കമ്പനികളിൽ ജോലി നോക്കാനാണ് അധിക പേരും താൽപ്പര്യപ്പെടുന്നത്.