കിങ് മേക്കർ ഷാഫി; രാഹുലിന്റെ വിജയത്തോടെ കൂടുതൽ കരുത്തനായി ഷാഫി പറമ്പിൽ

0
1387

പാലക്കാട് നിയമസഭ സീറ്റിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ച് കയറുന്നതോടെ കോൺഗ്രസിൽ കൂടുതൽ ശക്തനാവുന്നത് ഷാഫി പറമ്പിൽ കൂടിയാണ്. കോൺഗ്രസിന്റെ പുതു തലമുറ നേതാക്കളിൽ ഏറ്റവും കരുത്തനായി പാലക്കാട് വിജയത്തോടെ ഷാഫി മാറി. പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച് വിജയിച്ചതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

പാലക്കാട്ടെ പ്രാദേശിക കോൺഗ്രസ് നേതാക്കളുടെയും പാലക്കാട് എംപിയായ വി കെ ശ്രീകണ്ഠന്റെയും എതിർപ്പുകളെയും മറികടന്നാണ് പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയായി എത്തുന്നത്. മുതിർന്ന കോൺഗ്രസ് നേതാവായ കെ മുരളീധരനെ പാലക്കാട് സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു പാലക്കാട് ഡിസിസി ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടത്. എന്നാൽ തന്റെ പിൻഗാമിയായി പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കണമെന്ന ഷാഫിയുടെ നിർദ്ദേശം കോൺഗ്രസ് നേതൃത്വത്തിന് നടപ്പാക്കേണ്ടി വന്നു.

രാഹൂലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവായ ഡോക്ടർ സരിൻ കോൺഗ്രസ് വിടുകയും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തു. മറ്റൊരു കോൺഗ്രസ് നേതാവായ എ കെ ഷാനിബും കോൺഗ്രസ് വിട്ടു. ഡിസിസി സെക്രട്ടറി ഷിഹാബുദ്ധീൻ പരസ്യമായി രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇത്തരം എതിർപ്പുകളെയെല്ലാം കാറ്റിൽ പറത്തിയാണ് കനത്ത മത്സരം കാഴ്ചവെച്ച് 18,669 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹൂൽ മാങ്കൂട്ടത്തിൽ വിജയിക്കുന്നത്.ലോക്‌സഭ തിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭ മണ്ഡലത്തിൽ നിന്ന് ലഭിച്ച ഭൂരിപക്ഷത്തിന്റെ ഇരട്ടി നേടിയാണ് രാഹുൽ വിജയിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അപ്രതീക്ഷിതമായിട്ടായിരുന്നു ഷാഫി പറമ്പിലിനെ വടകരയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനേക്കാൾ ജനപ്രീതിയുണ്ടെന്ന് വിവിധ സർവേകൾ കണ്ടെത്തിയ എൽഡിഎഫിലെ കരുത്തയായ കെ കെ ശൈലജ ടീച്ചറെ നേരിടാനായിരുന്നു മുതിർന്ന നേതാക്കളെ മറിക്കടന്ന് ഷാഫി പറമ്പിലിനെ വടകരയിലേക്ക് സ്ഥാനാർത്ഥിയായി എത്തിച്ചത്. പാർട്ടിയുടെ വിശ്വാസം കാത്ത ഷാഫി വൻ ഭൂരിപക്ഷത്തിൽ വടകരയിൽ വിജയിച്ചുകയറുകയും ചെയ്തു.

പാലക്കാട് നിന്ന് വടകരയിലേക്ക് വണ്ടി കയറുന്നതിന് മുമ്പ് തന്നെ വടകരയിൽ താൻ സ്ഥാനാർത്ഥിയായി വിജയിച്ചാൽ ഉണ്ടാവുന്ന ഉപതിരഞ്ഞെടുപ്പിൽ താൻ പറയുന്ന ആളെ സ്ഥാനാർത്ഥിയായി പാലക്കാട് നിർത്തണമെന്ന് ഷാഫി കോൺഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെടുകയും നേതൃത്വം അത് സമ്മതിക്കുകയും ചെയ്തിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസങ്ങൾക്ക് ശേഷമുണ്ടായ ഉപതിരഞ്ഞെടുപ്പിൽ ഷാഫിയുടെ നിർദ്ദേശത്തോടെ രാഹുൽ സ്ഥാനാർത്ഥിയാവുകയും ചെയ്തു. അത്ര എളുപ്പമായിരുന്നില്ല ഷാഫിക്കും രാഹുലിനും പാലക്കാട് എന്ന കടമ്പ. പാർട്ടിക്ക് അകത്ത് നിന്ന് തന്നെയുണ്ടായ വെല്ലുവിളിക്കൊപ്പം ഉപതിരഞ്ഞെടുപ്പിൽ ഉടനീളം ഉണ്ടായ വിവാദങ്ങളും പാർട്ടിക്ക് നേരിടെണ്ടി വന്നിരുന്നു.

ഇതിനിടെ തിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ മാങ്കുട്ടത്തിലിന് വേണ്ടി ശക്തമായി പ്രവർത്തിച്ച ഷാഫി പറമ്പിൽ ബിജെപി നേതാവ് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിനും ചുക്കാൻ പിടിച്ചു. അതീവ രഹസ്യമായി പൊളിറ്റിക്കൽ നീക്കം നടത്താൻ ഷാഫിക്കും പ്രതിപക്ഷ നേതാവ് വിഡി സതീശനും സാധിച്ചു. ഒടുവിൽ പാലക്കാട്ടെ കിങ് മേക്കറായി ഷാഫി മാറുകയാണ്.