റിയാദ്: യാത്രാ നിരോധനം നേരിടുന്ന രാജ്യങ്ങളിൽ നിന്ന് പ്രവാസികൾക്ക് രാജ്യത്തേക്ക് നേരിട്ട് പ്രവേശനം നൽകുക ഇഖാമ ഉള്ളവർക്ക് മാത്രമാണെന്നും അത് തന്നെ അവർ സഊദിയിൽ നിന്ന് റീ എൻട്രി വിസയിൽ യാത്ര പോകും മുമ്പ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ആയിരിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്ത്) ആവർത്തിച്ചു. ഇക്കാര്യത്തിൽ ചൊവ്വാഴ്ച ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച തീരുമാനം കർശനമായി നടപ്പാക്കുമെന്നും അതാത് രാജ്യങ്ങളിൽ നിന്ന് രണ്ട് വാക്സിനുകളോ സഊദി അറേബ്യയിൽ നിന്നും അവരുടെ രാജ്യത്ത് നിന്നും ഓരോ വാക്സിൻ എടുത്ത ഇഖാമയുള്ളവർക്കോ ഇത് ബാധകമല്ലെന്നും ജവാസാത് വ്യക്തമാക്കി.
സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ കുത്തിവയ്പ് എടുത്ത ഇഖാമയുള്ളവർക്ക് പ്രവേശനം അനുവദിക്കാനുള്ള ചൊവ്വാഴ്ചത്തെ തീരുമാനത്തിന് ശേഷം, ജവാസാത്തിന്റെ ട്വിറ്ററിൽ പ്രവാസികൾ നടത്തിയ അന്വേഷണങ്ങൾക്ക് മറുപടിയായിട്ടാണ് ജവാസാത്തിന്റെ പുതിയ വിശദീകരണം വന്നത്. സഊദിയിൽ നിന്ന് ഒരു ഡോസും രണ്ടാം ഡോസ് സ്വന്തം നാടുകളിൽ നിന്ന് ലഭിച്ച ഇഖാമയുള്ളവരും ഒരു ഡോസും കൊവിഡ് വന്ന് മാറി തവക്കൽന ഇമ്മ്യൂൺ ആയവർക്കും പ്രവേശനം അനുവദിക്കുമോ എന്നതായിരുന്നു ഭൂരിഭാഗം പേരും സംശയം ഉന്നയിച്ചത്. എന്നാൽ, സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു എക്‌സിറ്റ് റീ എൻട്രി വിസയിൽ പോയവർക്ക് മാത്രമാണ് ഇപ്പോൾ മടങ്ങി വരാൻ അനുമതിയെന്നാണ് ജവാസാത് പ്രതികരിച്ചത്.
മാർച്ചിൽ രാജ്യത്ത് ആദ്യത്തെ ഡോസ് എടുക്കുകയും മെയിൽ വൈറസ് ബാധിക്കുകയും ചെയ്തിട്ടുണ്ടെന്നും പിന്നീട് ജൂലൈയിൽ അവധിക്കായി നാട്ടിൽ പോയതാണെന്നും ഇപ്പോൾ തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് കാണിക്കുന്നുവെന്നും അതിനാൽ നേരിട്ട് വരാനാകുമോ എന്നായിരുന്നു ഒരു ചോദ്യം. ഇന്ത്യയിൽ നിന്നുള്ള തന്റെ ഡ്രൈവർ സ്വന്തം രാജ്യത്ത് നിന്ന് രണ്ട് ഡോസുകൾ പൂർത്തിയാക്കിയെന്നും പുതിയ തീരുമാനപ്രകാരം അദ്ദേഹത്തിന് വരാൻ സാധിക്കുമോയെന്നായിരുന്നു സ്വദേശി പൗരന്റെ ചോദ്യം. എനിക്ക് ഇന്ത്യയിൽ ഒരു ഡോസ് എടുത്തിരുന്ന ഒരു ജോലിക്കാരനുണ്ട്. അദ്ദേഹത്തിന് സഊദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാണോ എന്ന് മറ്റൊരു സ്വദേശിയും ചോദിച്ചു. ഈജിപ്തിൽ നിന്ന് ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് എടുത്ത ശേഷം തവക്കൽന ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് ഇപ്പോൾ ഇമ്മ്യൂൺ ആയിട്ടുണ്ട്, പ്രവേശനം സാധ്യമോ? സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ ലഭിച്ച വിദേശിയുടെ ഭാര്യക്ക് ഭർത്താവിനൊപ്പം നേരിട്ട് പ്രവേശനം സാധ്യമാണോ? തുടങ്ങിയുള്ള ചോദ്യങ്ങളുമായും നിരവധി പേർ എത്തി.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവന ഉദ്ധരിച്ച് സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം റീ എൻട്രി വിസയിൽ പോയവർക്ക് മാത്രമായിരിക്കും എന്നായിരുന്നു ജവാസാത്തിന്റെ പ്രതികരണം.




